പാലക്കാട് ആർ എസ്എ സ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ.അത്തിക്കോട് സ്വദേശിയും എസ് ഡി പി ഐ പ്രവർത്തകനുമാണ് അറസ്റ്റിലായത്.തിരിച്ചറിയൽ നടപടി പൂർത്തിയാകാത്തതിനാൽ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഇതോടെ കൊലപാതകത്തില്‍ ഉള്‍പ്പെടുന്ന അഞ്ചു പേരും പിടിയിലായി.
അതേസമയം സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ കെ ഹരിപാലിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസ് അവസാനഘട്ടത്തിലാണെന്നും ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു
സഞ്ജിത്ത് വധക്കേസ് സി ബി ഐ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. സി ബി ഐ അന്വേഷണം ആവശ്യമായ ചില വശങ്ങൾ കേസിലുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് അവസാനിപ്പിക്കാൻ പൊലീസിന് തിടുക്കമെന്താണെന്നും കോടതി ചോദിച്ചു. ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.
നവംബർ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള കാരണമായി പിടിയിലായവർ മൊഴി നൽകിയിരുന്നു. അവരുടെ സംഘടനയിലെ മറ്റൊരു പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന്റെ വൈരാഗ്യവും കാരണമായതെന്നാണ് പ്രതികൾ പറയുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ദീർഘനാളത്തെ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം.
English Summary : Another person has been arrested in the murder case of Palakkad RSS activist Sanjith
you may also like this video