Site iconSite icon Janayugom Online

താരസംഘടന അമ്മയുടെ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന

താരസംഘടന അമ്മയുടെ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് എത്തിയത്.

സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധമുള്ള രേഖകളില്‍ വ്യക്ത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം അമ്മ ഓഫീസില്‍ പരിശോധന നടത്തുന്നത്.അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തിരുന്നു. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. 

അതേ സമയം കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. അതിനിടെ, നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. 

സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകിയിട്ടുണ്ട്.

ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കെന്ർറോൺമെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ വിഎസ്ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയിൽ കേസ് രജിസ്റ്റ‍ർ ചെയ്യാന്‍ സിനിമ രംഗത്തെ അതിക്രമം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം നേരത്തെ തീരുമാനിച്ചിരുന്നു.

Exit mobile version