ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്ന് ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിൽ താരം ഉത്തരാഖണ്ഡിനെതിരെ 36 പന്തില്‍ സെഞ്ചുറി നേടി. ദിവസങ്ങള്‍ക്ക് മുമ്പ് 28 പന്തിൽ സെഞ്ചുറിയടിച്ച് താരം റെക്കോഡ് കുറിച്ചിരുന്നു.
41 പന്തില്‍ 115 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഉര്‍വില്‍ പട്ടേലിന്റെ മികവില്‍ ഗുജറാത്ത് ഉത്തരാഖണ്ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. 11 സിക്‌സും എട്ട് ഫോറും സഹിതമാണ് ഉര്‍വിലിന്റെ സെഞ്ചുറി. 183 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 13.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് കണ്ടെത്തി വിജയിച്ചു. ക്യാപ്റ്റൻ അക്ഷർ പട്ടേൽ 18 പന്തിൽ 28 റൺസുമായി വിജയത്തിൽ ഒപ്പം നിന്നു. 2023 ഐപിഎല്ലില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിയ ഉര്‍വില്‍ പട്ടേലിന് പ്ലേയിങ് ഇലവനില്‍ കളിക്കാനായിരുന്നില്ല. അടുത്ത സീസണില്‍ ഉര്‍വിലിനെ ടീം ഒഴിവാക്കിയിരുന്നു. അടിസ്ഥാനവിലയായ 30 ലക്ഷം മുടക്കിപോലും ഉര്‍വിലിനെ ആരും ടീമിലെടുത്തില്ല.