Site iconSite icon Janayugom Online

മണിപ്പൂരില്‍ വീണ്ടും കലാപം: ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂര്‍ വീണ്ടും കലാപഭൂമിയാകുന്നു. ചുരാചന്ദ്പൂരില്‍ ഹമാര്‍, സോമ്പി ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സോമി സായുധ സംഘത്തിന്റെ പതാക ചിലര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആളിക്കത്തിയത്. ഇരുവിഭാഗങ്ങളിലെയും അംഗങ്ങള്‍ പരസ്പരം വെടിയുതിര്‍ക്കുകയും കല്ലെറിയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാസേന അക്രമികള്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ 53 കാരനായ ലാല്‍റോപുയി പകുമാറ്റെ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച ഹമാര്‍ ഗോത്ര നേതാവിനെ അജ്ഞാതര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളും ചര്‍ച്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 

Exit mobile version