Site icon Janayugom Online

കോഴിക്കോട് ബാലമന്ദിരത്തിൽ വീണ്ടും സുരക്ഷാവീഴ്ച; ചാടിപ്പോയ പോക്സോ കേസ് ഇരകളായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ വീണ്ടും സുരക്ഷാവീഴ്ച. ഇന്ന് രാവിലെയോടെ പോക്സോ കേസിലെ ഇരകളായ രണ്ടു പെൺകുട്ടികളെയാണ് കാണാതായിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇവരെ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

തുടർന്ന് നഗരത്തില്‍ കോഴിക്കോട് ടാഗോർ സെന്റിനർ ഹാളിന് സമീപം വെച്ച് പെൺകുട്ടികളെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. പെൺകുട്ടികൾ ഇരുവരും കോഴിക്കോട് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഇക്കഴിഞ്ഞ ജനുവരിയിൽ ഇവിടെ നിന്നും ആറ് പെൺകുട്ടികളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ ബംഗളുരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തി. 

സംഭവം വലിയ വിവാദമായിരുന്നു. തുടർന്ന് സുരക്ഷാ വീഴ്ചയുടെ പേരില്‍ ബാലമന്ദിരം സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിരുന്നു. ബാല മന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ തീരുമാനിച്ചതെന്ന് അന്ന് ചാടിപ്പോയ ആറ് പെൺകുട്ടികളും പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നീട് കുട്ടികളുടെ എതിർപ്പ് മറികടന്നാണ് ഇവരെ തിരികെ ബാലമന്ദിരത്തിലെത്തിച്ചത്.

Eng­lish Sum­ma­ry: Anoth­er secu­ri­ty breach in Kozhikode Chil­dren’s Centre
You may also like this video

Exit mobile version