Site iconSite icon Janayugom Online

വീണ്ടും തെരുവുനായ ആക്രമണം: അഞ്ചു വയസ്സുകാരന് പരിക്ക്

താലൂക്കില്‍ വീണ്ടും തെരുവുനായ ആക്രമണം.തഴക്കര പഞ്ചായത്തില്‍ ഇന്ന് അഞ്ചു വയസ്സുകാരനെ നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പെയിന്റിങ് തൊഴിലാളിയായ വഴുവാടി പുത്തന്‍കളിക്കല്‍ ഉണ്ണിക്കൃഷ്ണന്റെയും രേവതിയുടെയും മകന്‍ ദേവകൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്. ഞായര്‍ പകല്‍ 12നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വഴിയിലൂടെ പോവുകയായിരുന്ന നായ മുറ്റത്തേക്ക് കയറി വന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കൈയ്ക്കും പിന്‍ഭാഗത്തും കടിയേറ്റ കുട്ടിയുടെ നിലവിളി കേട്ട് വീടിനുള്ളില്‍ ഉണ്ടായിരുന്ന അമ്മ ഓടിയെത്തി നായയെ ഓടിച്ചു വിട്ട് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഉടന്‍ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി. 

ഉണ്ണികൃഷ്ണന്റെ വീടിന് സമീപമുള്ള മറ്റൊരു വീട്ടില്‍ ഒരു യുവതിക്ക് നേരെ നായ ആക്രമണം നടത്തിയ ശേഷമാണ് കുട്ടിയെ ആക്രമിച്ചത്.
യുവതിക്ക് കടിയേറ്റില്ലെങ്കിലും നായയുടെ വായില്‍ നിന്നും ചോര തെറിച്ച് ഇവരുടെ ശരീരത്തില്‍ വീണതായി പറയുന്നു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുട്ടിയെ ആക്രമിച്ച ശേഷം സമീപത്തെ ചില വീടുകളിലെ വളര്‍ത്തു നായ്ക്കളെ കടിച്ചു. ദേവകൃഷ്ണന്‍ തഴക്കര മലയില്‍ എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. ഈ പ്രദേശത്ത് തെരുവ് നായ്ക്കൂട്ടങ്ങള്‍ നാളുകളായി ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version