Site iconSite icon Janayugom Online

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഭീകരാക്രമണം. സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ഇന്നലെ വൈകുന്നേരം ആക്രമണമുണ്ടായത്. സൈനികര്‍ തിരിച്ച് വെടിയുതിര്‍ത്തു. ആദ്യഘട്ട വെടിവയ്പിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടതായാണ് വിവരം. മേഖലയില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി. നോര്‍ത്തേണ്‍ കമാന്‍ഡ് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പൂഞ്ചില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥര്‍ മേഖലയിലെത്തിയത്.

കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ മേഖലയില്‍ സൈന്യത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. രജൗരിയിലെ ധേര കി ഗലിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഇന്നലെ ആക്രമണം നടന്ന കൃഷ്ണഗഡി സെക്ടര്‍. രജൗരിയും പൂഞ്ചും ഉള്‍പ്പെടുന്ന പിര്‍ പഞ്ചല്‍ മേഖല 2003 മുതല്‍ ഭീകരാക്രമണമുക്തമായിരുന്നു. 2021ന് ശേഷം നിരവധി ആക്രമണങ്ങള്‍ക്ക് പ്രദേശം സാക്ഷിയായി. കഴിഞ്ഞ ഏഴ് മാസത്തിനിടെ 20 സൈനികരാണ് ഇവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 35 സൈനികര്‍ കൊല്ലപ്പെട്ടു. 

Eng­lish Sum­ma­ry; Anoth­er ter­ror­ist attack in Kashmir
You may also like this video

Exit mobile version