ജമ്മു കശ്മീര്‍ ഗുല്‍മാര്‍ഗിലെ ബോട്പത്രിക്ക് സമീപം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ രണ്ട് സൈനിക പോര്‍ട്ടര്‍ തൊഴിലാളികളും കൊല്ലപ്പെട്ടു. നാഗിന്‍ ചെക്ക് പോസ്റ്റിന് സമീപമായിരുന്നു വാഹനത്തിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ സൈനികരടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാരാമുള്ള സ്വദേശികളായ മുഷ്താഖ് അഹമ്മദ് ചൗധരി, സഹൂര്‍ അഹമ്മദ് മീര്‍ എന്നിവരാണ് കൊല്ലപ്പെട്ട തൊഴിലാളികള്‍.
ആക്രമണത്തെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അപലപിച്ചു. അതിനിടെ ദക്ഷിണ കശ്മീരിലെ ത്രാലില്‍ ഒരു കുടിയേറ്റ തൊഴിലാളിക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച കശ്മീര്‍ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു നിര്‍മ്മാണ സൈറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറ് നിര്‍മ്മാണത്തൊഴിലാളികളുമടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ശ്രീനഗര്‍-ലേ ദേശീയ പാതയിലെ ടണല്‍ നിര്‍മ്മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിന് നേരേയായിരുന്നു ആക്രമണം. ഒക്ടോബര്‍ 18ന് ഷോപ്പിയാന്‍ ജില്ലയില്‍ ബിഹാറില്‍ നിന്നുള്ള ഒരു തൊഴിലാളി ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. മറ്റൊരു സംഭവത്തില്‍ ബാരാമുള്ള ജില്ലയിലെ കോടതി സമുച്ചയത്തിനുള്ളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.05 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.