വയനാട്ടിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവകള്‍ മൂന്നിടങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചു. സുൽത്താൻബത്തേരി താലൂക്കിലെ ചീരാൽ കുടുക്കി, അമ്പലവയൽ പോത്തുകെട്ടി, മീനങ്ങാടി മേപ്പരിക്കുന്ന് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച രാത്രി കടുവകള്‍ ഇറങ്ങിയത്.
പോത്തുകെട്ടിയിൽ കാവനാൽ വർഗീസിന്റെ ആടിനെ കടുവ കൊന്നു. വീടിനു ഇരുനൂറ് മീറ്റർ മാറി തോട്ടത്തിൽ ഇന്നു രാവിലെയാണ് ആടിന്റെ ജഡം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയും പ്രദേശത്തു കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. മീനങ്ങാടി മേപ്പേരിക്കുന്നിൽ അമ്പാട്ട് ജോർജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ രാത്രി പത്തോടെയാണ് സംഭവം. മൂന്നു വയസുള്ള ആടിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.
ചീരാലിൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെയാണ് കടുവ പിടിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ചീരാൽ വില്ലേജിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ എട്ടു പശുക്കളെയാണ് കടുവ കൊന്നത്. രണ്ടു പശുക്കൾക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ കടുവയെ പിടികൂടുന്നതിനു നീക്കം ഊർജിതമാണ്. വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിനു 23 കാമറ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു കൂടുകളും വച്ചിട്ടുണ്ട്.
കടുവയെ സൗകര്യപ്രദമായ ഇടത്ത് കണ്ടെത്തിയാൽ മയക്കുവെടി പ്രയോഗിക്കാനും തീരുമാനമുണ്ട്.
English Summary: Another tiger attack in Wayanad: Pets attacked at three places
You may like this video also