രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലാണ് ഇത്തവണ ട്രെയിൻ അട്ടിമറി ശ്രമമുണ്ടായത്. റെയിൽവേ ട്രാക്കിൽ വൈദ്യുത വയർ കണ്ടതിനെ തുടർന്ന് ലോക്കോ പൈലറ്റുമാർ നടത്തിയ പരിശോധനയിൽ വൻ ട്രെയിൻ അപകടം ഒഴിവായി. ഒക്‌ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ ഡെറാഡൂൺ‑തനക്പൂർ പ്രതിവാര എക്‌സ്പ്രസ് ഖത്തിമ റെയിൽവേ സ്റ്റേഷൻ കടന്നപ്പോഴാണ് സംഭവം.
റെയിൽവേ ട്രാക്കിൽ 15 മീറ്റർ നീളമുള്ള ഹൈടെൻഷൻ വയർ കിടക്കുന്നത് ലോക്കോ പൈലറ്റുമാർ കണ്ടതിനെ തുടർന്ന് എമർജൻസി ട്രാക്കുകൾ പ്രയോഗിച്ച് ട്രെയിൻ നിർത്തി. സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാക്കിലെ കമ്പികൾ നീക്കം ചെയ്തതിനെ തുടർന്ന് ട്രെയിൻ മുന്നോട്ടു നീങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെയും (ആർപിഎഫ്) ഉത്തരാഖണ്ഡ് പോലീസിൻ്റെയും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.
സംഭവത്തിന് ശേഷം അജ്ഞാതരായ പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സൻഹിയാത്തിൻ്റെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഈ വര്‍ഷം മയില്‍ക്കുറ്റിയും ഗ്യാസ് സിലിണ്ടറുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ ട്രാക്കില്‍വച്ച് നിരവധി തവണ ട്രെയിൻ അട്ടിമറി ശ്രമം നടന്നിരുന്നു. ഇതിനുപിന്നാലെ അന്വേഷണവും ശക്തമായിരുന്നു. പുതിയ ശ്രമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടകൂടി ലഭിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ് അധികൃതര്‍.