സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗരാജപട്ടം സ്വന്തമാക്കി ആതിഥേയരായ എറണാകുളം ജില്ല. കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അന്‍സ്വാഫ് കെ അഷ്‌റഫാണ് സീനിയര്‍ വിഭാഗം 100 മീറ്റര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാമത് എത്തി ആതിഥേയ ജില്ലയുടെ അഭിമാനം വാനോളം ഉയര്‍ത്തിയത്.
10.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അന്‍സ്വാഫ് സുവര്‍ണനേട്ടത്തിലേയ്ക്ക് ഓടി കയറിയത്. എറണാകുളം കീരമ്പാറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് വേഗരാജാവ്. മലപ്പുറത്തിനാണ് ഈ ഇനത്തില്‍ വെള്ളി. 11.04 സെക്കന്‍ഡില്‍ രണ്ടാമത് എത്തിയ മുഹമ്മദ് ഷമില്‍ രണ്ടാം സ്ഥാനത്ത് എത്തി. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള അബ്ദുള്ള എസ് എച്ചിനാണ് 100 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെങ്കലം. വേഗറാണി പട്ടം തലസ്ഥാനത്തിന് സമ്മാനിച്ച് രഹ്‌ന രഘു സ്വര്‍ണമണിഞ്ഞു. 12.62 സെക്കന്‍ഡില്‍ ഓടിക്കയറിയാണ് തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രഹ് ഒന്നാമത് എത്തിയത്. മലപ്പുറത്തിന്റെ ആദിത്യ അജി 12.72 സെക്കന്‍ഡില്‍ രണ്ടാമത് എത്തി ഈ ഇനത്തില്‍ വെള്ളി കരസ്ഥമാക്കി. പത്തനംതിട്ടയുടെ അമാനിക എച്ചിനാണ് വെങ്കലം. സമയം 12.77 സെക്കന്‍ഡ്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടാണ് സ്വര്‍ണം നേടിയത്. ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജയനിവേദ് കൃഷ്ണയിലൂടെയാണ് പാലക്കാട് സുവര്‍ണനേട്ടം കൊയ്തത്. 10.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് നിവേദ് കൃഷ്ണ മിന്നും പ്രകടനം കാഴ്ചവച്ചത്. മൂന്ന് ദശാബ്ദം പഴക്കമുള്ള ഈ ഇനത്തിലെ സംസ്ഥാന റെക്കോഡ് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നിവേദിന് നഷ്ടമായത്. തൃശൂരിലെ ജിയോ ഐസകിനാണ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളി. സമയം 11.19 സെക്കന്‍ഡ്. ആലപ്പുഴയുടെ അതുല്‍ ടി എമ്മിനാണ് ഈ ഇനത്തില്‍ വെങ്കലം . 11.23 സെക്കന്‍ഡാണ് സമയം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ പോരാട്ടത്തില്‍ ആലപ്പുഴയുടെ ശ്രേയ ആര്‍ സുവര്‍ണതീരമണഞ്ഞു.12.54 സെക്കന്‍ഡില്‍ ഓടി ഫിനിഷിങ് വര കടന്നാണ് ശ്രേയ ഒന്നാമത് എത്തിയത്. സെന്റ് ജോസഫ് ജി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കി. ഈ ഇനത്തില്‍ തിരുവനന്തപുരത്തിന്റെ അനന്യ വെളളി കരസ്ഥമാക്കി. സമയം 12.58 സെക്കന്‍ഡ്. തൃശൂരിന്റെ ആന്‍മേരി 12.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലവും നേടി.
100 മീറ്റര്‍ സബ്‌ജൂനിയര്‍ ആണ്‍കുട്ടികളുടെ പോരാട്ടത്തില്‍ സ്വര്‍ണം കാസര്‍കോടിന് വണ്ടി കയറി. 12.40 സെക്കന്‍ഡില്‍ ഓടികയറി നിയാസ് എ ഹംസയാണ് സുവര്‍ണനേട്ടം കാസര്‍കോഡിന് സമ്മാനിച്ചത്. അംഗഡിമുഗര്‍ ജിഎച്ച്എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിയാസ്. കൊല്ലം ജില്ലയ്ക്കാണ് ഈ ഇനത്തില്‍ വെള്ളി. 12.41 സെക്കന്‍ഡില്‍ ഓടി എത്തി സൗര വി എസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ തിരുവനന്തപുരത്തിന്റെ സായൂജ് പിജെ 12.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം തലസ്ഥാനത്തിന് സമ്മാനിച്ചു. സബ്ജൂനിയര്‍ ഗേള്‍സിന്റെ 100 മീറ്റര്‍ ഫൈനലില്‍ പ്രതീക്ഷകള്‍ തകിടംമറിച്ച് സുവര്‍ണനേട്ടം ദേവപ്രിയയിലൂടെ ഇടുക്കി ജില്ല സ്വന്തമാക്കി. സിഎച്ച്എസ് കാല്‍വരി മൗണ്ടിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവപ്രിയ. 13.17 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഈ മിടുക്കി സ്വര്‍ണം ഇടുക്കി ജില്ലയ്ക്ക് സമ്മാനിച്ചത്. പാലക്കാടിനാണ് ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും. നിഖിത പി (13.36 സെക്കന്‍ഡ് ) വെള്ളിയും അനയ ജി (13.53) വെങ്കലവും നേടി. മഴ ചാറി നിന്നത് നൂറ് മീറ്ററിന്റെ ശോഭ കെടുത്തിയെങ്കിലും ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല.