തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മുൻ മന്ത്രി ആന്റണി രാജു.കോടതി വിധിയിൽ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം തനിക്കുതന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അതിൽ ആശങ്കയോ ഭയമോ ഇല്ലെന്നും ആന്റണി രാജു വ്യക്തമാക്കി. ഇത്തരം പ്രതിസന്ധികളാണ് തന്നെ കൂടുതൽ കരുത്തനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പലരും പ്രതീക്ഷിച്ചിരുന്നത് സിബിഐ ആന്വേഷണത്തിന് കോടതി ഉത്തരവിടും എന്നായിരുന്നു.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് പലരും സുപ്രീംകോടതിയെ സമീപിച്ചത്. അത് കോടതി അംഗീകരിച്ചില്ലല്ലോ. കഴിഞ്ഞ 34 വർഷമായി ഓരോ ഘട്ടത്തിലും ഈ കേസ് ചർച്ച ചെയ്യുന്നുണ്ട്. 1990‑ലെ ഒരു കേസാണിത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ കള്ളക്കേസ് എനിക്കെതിരേ രൂപപ്പെടുത്തിയെടുത്തത്. 1990 മുതൽ 2006 വരെ വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചു. ഇന്റർപോളും സിബിഐയും അന്വേഷിച്ചു. ഞാനല്ലാ, വേറെയാളാണ് പ്രതിയെന്ന് ആ റിപ്പോർട്ടുകളിൽ ഉണ്ടല്ലോ. എകെ.ആന്റണിയുടെ കാലത്തും അന്വേഷിച്ചു. ഞാൻ നിരപരാധിയാണെന്ന റിപ്പോർട്ടാണ് അന്നും കോടതിയിൽ കൊടുത്തത്.
2006‑ലെ തിരഞ്ഞെടുപ്പിൽ എന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ രാഷ്ട്രീയ വിരോധം തീർക്കാൻ ഉമ്മൻചാണ്ടി അടിയന്തരമായി പുനരന്വേഷണത്തിന് ഉത്തരവിടുകയും കള്ളക്കേസ് ഉണ്ടാക്കി കുറ്റപത്രം നൽകുകയുമാണ് ഉണ്ടായത് ആന്റണി രാജു ആരോപിച്ചു. 2006‑ൽ ഫയൽചെയ്ത കുറ്റപത്രത്തിനെതിരേ ഒരിക്കലും ക്വാഷ് ചെയ്യാൻ പോയിട്ടില്ല.
പക്ഷെ 2021‑ൽ താൻ മന്ത്രിയായതിനുശേഷം കേസ് ചിലർ കുത്തിപ്പൊക്കി. മന്ത്രി സ്ഥനത്തുനിന്നും തന്നെ മാറ്റാനുള്ള ശ്രമവും നടത്തി. അതുകൊണ്ടാണ് ഹൈക്കോടതിയിൽപോയി എഫ്.ഐ.ആർ ക്വാഷ് ചെയ്തതെന്നും വിചാരണ നേരിടാനാണ് കോടതി പറയുന്നതെങ്കിൽ വിചാരണ നേരിടുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.