2014ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ഭരണകൂടം കേന്ദ്ര ഭരണത്തിലെത്തിയതോടെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ ഒന്നിനുപുറകെ മറ്റൊന്നായി ഭീഷണികള്‍ക്ക് വിധേയമാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസവും മതനിരപേക്ഷതയും തുല്യതയിലും മനുഷ്യാവകാശങ്ങളിലും ഊന്നിയുള്ള വികസന പരിപ്രേക്ഷ്യവും അന്യംനിന്നുപോകുമെന്ന ഭയപ്പാടിലാണ് സാമാന്യ ജനങ്ങള്‍. പൗരത്വ നിയമം അടിച്ചേല്പിക്കാനുള്ള നീക്കവും ‘ഇസ്ലാമോഫോബിയ’യും ‘ബുള്‍ഡോസര്‍’ രാഷ്ട്രീയവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. എന്നാല്‍ നിയമവ്യവസ്ഥയിലെ പഴുതുകള്‍ ഗവേഷണബുദ്ധിയോടെ കണ്ടെത്തി അവയുടെ സഹായത്തോടെ ഫാസിസത്തിലേക്കുള്ള നീക്കം തുടരുമെന്ന ഉറച്ച നിലപാടിലാണ് മോഡി സര്‍ക്കാര്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനം ലക്ഷ്യമാക്കിയുള്ള ബില്ലിന്റെ അവതരണം. ഫെഡറലിസത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നതോടൊപ്പം ധാര്‍മ്മികതയും സുതാര്യതയും നിഷ്പക്ഷതയും നിലനിര്‍ത്താനുള്ള ബാധ്യതയില്‍ നിന്നും വഴുതിമാറുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷനെ നിര്‍ബന്ധിതമാക്കുക എന്ന തന്ത്രം കൂടിയാണ് ബില്‍ ലക്ഷ്യമാക്കുന്നത്. ഡിസംബര്‍ രണ്ടാം വാരത്തില്‍ രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കി. നിയമത്തിലെ ചില വകുപ്പുകള്‍ക്ക് പൊതു അംഗീകാരവും ലഭിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് പദവിയുടേതിന് തുല്യമാക്കാനുള്ള നിര്‍ദേശം ഏറെക്കുറെ ഏകകണ്ഠമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. മോഡി സര്‍ക്കാരിന്റെ മുന്‍കാല നിയമ നിര്‍മ്മാണങ്ങളുടെയും ഭരണഘടനാ ഭേദഗതികളുടെയും വെളിച്ചത്തില്‍ കടുത്ത ആശങ്കകളും നിലവിലുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും സ്വീകരിക്കുന്ന നടപടികള്‍ നിയമാനുസൃതമാണോ എന്നത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന വ്യവസ്ഥ നിയമത്തില്‍ ഇടംകണ്ടെത്തിയിരിക്കുന്നു. ഈ വകുപ്പിന് ലോക്‌സഭയുടെ പ്രത്യേക അനുമതിയും അംഗീകാരവും ആവശ്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് പൂര്‍ണമായ രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണിയാകും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സേവനത്തിലിരിക്കുമ്പോള്‍ നടത്തുന്ന സിവില്‍-ക്രിമിനല്‍ നിയമ ലംഘനങ്ങള്‍ക്കെതിരായോ വിരമിച്ചതിനു ശേഷം പുറത്തു വന്നേക്കാവുന്ന നിയമലംഘനങ്ങള്‍ക്കെതിരായോ നിയമ നടപടികള്‍ അസാധ്യമാക്കുന്നവിധത്തിലുള്ള വ്യവസ്ഥ, തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ഭരണഘടനാ സംവിധാനത്തെത്തന്നെ ഭരണകര്‍ത്താക്കള്‍ക്ക് വിധേയമായി മാത്രം പ്രവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിതമാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് നിയമാനുസൃത സംരക്ഷണം വേണമെന്ന സാഹചര്യം വന്നത് കഴിഞ്ഞ ഓഗസ്റ്റില്‍ തെലങ്കാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിനെതിരെ ഫയല്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസിന്റെ പശ്ചാത്തലത്തിലാണ്. രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കിടയിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ട പൊലീസ് കേസായിരുന്നു ആധാരം. ഭരണഘടനാ സ്ഥാപനത്തിനെതിരെ കേസെടുക്കാന്‍ പ്രാദേശിക പൊലീസധികാരികള്‍ക്ക് അധികാരമുണ്ടോ എന്നത് തര്‍ക്കവിഷയമായി. കേസില്‍ തിടുക്കം കൂടിപ്പോയി എന്ന പേരില്‍ തെലങ്കാന ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കുകയും ചെയ്തു. ഇതിനിടെ മദ്രാസ് ഹൈക്കോടതിയില്‍ സിഇസിക്കെതിരായി മറ്റൊരു പരാതി എത്തി.
ഇതുകൂടി വായിക്കൂ:സ്വേച്ഛാധിപത്യം കടുപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം
കോവിഡ് വ്യാപകമായിരുന്ന കാലയളവില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെ യുക്തിയും ആശാസ്യതയും ചോദ്യം ചെയ്യുന്നതായിരുന്നു ഇത്. ഇത്തരമൊരു പശ്ചാത്തലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നിയമപരമായ സംരക്ഷണ കവചം ഒരുക്കണമെന്ന ചിന്തയ്ക്ക് ആക്കം കൂട്ടുകയായിരുന്നു. ഇതിലുപരി, എന്നാല്‍ അതിനെക്കാളേറെ ഗൗരവപൂര്‍ണമായി കേന്ദ്ര സര്‍ക്കാരിന് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. സിഇസി എന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തെ വെറുമൊരു സര്‍ക്കാര്‍ വകുപ്പിന്റെ നിലവാരത്തിലേക്ക് താഴ്ത്തിക്കെട്ടുക എന്നതുതന്നെ. ആസൂത്രണ കമ്മിഷനെ നിതി ആയോഗ് ആക്കിയതിനു സമാനമായ നിലയില്‍ സിഇസിയുടെയും കമ്മിഷണര്‍മാരുടെയും നിയമനം സേവനവ്യവസ്ഥകള്‍, സേവനകാലാവധി തുടങ്ങിയവയ്ക്ക് പുറമെ കമ്മിഷന്റെ പ്രവര്‍ത്തന മാതൃകയും ശൈലിയും നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. 2023 മാര്‍ച്ചിലെ സുപ്രീം കോടതി ഉത്തരവാണ് മോഡി സര്‍ക്കാരിനെ തിടുക്കപ്പെട്ട് ബില്ലുണ്ടാക്കാന്‍ നിര്‍ബന്ധിതമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഇതിലേക്കായി നിയോഗിക്കപ്പെടുന്ന ഒരു സെലക്ഷന്‍ കമ്മിറ്റിയാണ് നിര്‍ണയിക്കേണ്ടതെന്നും, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കും കമ്മിറ്റിയില്‍ അംഗങ്ങളാകേണ്ടത് എന്നുമായിരുന്നു കോടതി വിധി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഈ തീരുമാനം.
പുതിയ നിയമമനുസരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമിതിയില്‍ അംഗത്വമുണ്ടായിരിക്കില്ല. പകരം, കേന്ദ്ര നിയമ മന്ത്രിയെ ഉള്‍പ്പെടുത്തും. തന്റെ മന്ത്രിസഭയിലെ നിയമ മന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് പ്രധാനമന്ത്രിയാണ്. അങ്ങനെ, പ്രധാനമന്ത്രിയടക്കം സെലക്ഷന്‍ കമ്മിറ്റിയിലെ മൂന്നില്‍ രണ്ടുപേര്‍ എക്സിക്യൂട്ടീവിന്റെ പ്രതിനിധികളുമാകും. അപ്പോള്‍ കമ്മിറ്റിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഏതു വിധേനയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. രാജ്യസഭയില്‍ ആര്‍ജെഡി എംപി മനോജ് ഝാ, ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍ നിലനിര്‍ത്തണമെന്ന ഭേദഗതി അവതരിപ്പിച്ചെങ്കിലും ശബ്ദവോട്ടോടെ തിരസ്കരിക്കുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിഷണറെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിലും ആശങ്കയുണ്ട്.
ഇതുകൂടി വായിക്കൂ:ജനാധിപത്യത്തില്‍ പുറത്താക്കപ്പെടുന്ന ജനം
സുപ്രീം കോടതി ജഡ്ജിക്കു സമാനമായ സംരക്ഷണം ഉണ്ടെന്നതിനാല്‍ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് കൂടിയേ തീരൂ. എന്നാല്‍ സിഇസിയുടെ ആജ്ഞാനുസരണം കമ്മിഷണര്‍മാരെ തല്‍സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാം. ഈ വ്യവസ്ഥ വിവേചനപരമാണെന്നും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ജവഹര്‍ സര്‍ക്കാര്‍ വാദിച്ചെങ്കിലും സിഇസിക്ക് സമാനമായ സംരക്ഷണം കമ്മിഷണര്‍മാര്‍ക്ക് ബാധകമാക്കാന്‍ മോഡി സര്‍ക്കാര്‍ സന്നദ്ധമായില്ല. പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള ഭൂരിപക്ഷമനുസരിച്ച് ബില്‍ നിയമമായിത്തീരുമെന്നുറപ്പാണ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും 146 പ്രതിപക്ഷാംഗങ്ങളെ ഏകപക്ഷീയമായ നടപടികള്‍ വഴി പുറത്താക്കിയിരിക്കുന്ന സാഹചര്യവും പ്രസക്തമായി കാണേണ്ടതുണ്ട്.
ലോക്‌സഭയിലാകട്ടെ നല്ല ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ഇപ്പോള്‍ത്തന്നെയുണ്ട്. ബില്‍ വിഭാവനം ചെയ്യുന്ന സര്‍ച്ച് കമ്മിറ്റി നിയമനത്തിനായി പാനല്‍ തയ്യാറാക്കിയാല്‍, അതു സംബന്ധമായ ശുപാര്‍ശ പാര്‍ലമെന്റില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പാര്‍ലമെന്റാണ് ഇതിലെ പേരുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കേണ്ടത്. ഇത് അത്ര എളുപ്പത്തില്‍ നടക്കുമെന്ന് കരുതാനാകില്ല. അത്തരമൊരു ഘട്ടത്തില്‍ വിഷയത്തില്‍ ഗൗരവതരമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുമെന്നും കരുതപ്പെട്ടിരുന്നു. എന്നാല്‍, അതിന്റെയൊന്നും ആവശ്യമില്ലാതെതന്നെ മോഡി സര്‍ക്കാര്‍ തികച്ചും ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ നടപടികളിലൂടെ പ്രതിപക്ഷ എംപിമാരില്‍ 146 പേരെ പുറത്താക്കിക്കൊണ്ട് വളരെ എളുപ്പത്തില്‍ ഇരുസഭകളിലും ബില്ലില്‍ അനുകൂലമായ തീരുമാനം നേടിയിരിക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് സമാപനം കുറിക്കുകയും ചെയ്തിരിക്കുന്നു.