27 April 2024, Saturday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

ജനാധിപത്യത്തില്‍ പുറത്താക്കപ്പെടുന്ന ജനം

സുരേന്ദ്രന്‍ കുത്തനൂര്‍
December 22, 2023 4:30 am

ജോർജ് ഓർവെൽ എഴുതിയ 1984 എന്ന വിഖ്യാത രചനയിൽ, ‘വല്യേട്ടൻ നിങ്ങളെ നിരീക്ഷിക്കുന്നു’ എന്ന അതിപ്രശസ്തമായൊരു പ്രയോഗമുണ്ട്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളില്‍ കുരുങ്ങുന്ന വരുംകാല സമൂഹങ്ങളെ സങ്കല്പിച്ച് 1949ൽ എഴുതിയതാണ് ആ നോവല്‍. ഭരണകൂടത്തിന്റെ ഏകാധിപത്യവും പൗരന്മാരെ സദാനിരീക്ഷിക്കുന്ന സ്വേച്ഛാധിപത്യത്തിന്റെ സംശയരോഗവുമടങ്ങിയ രാഷ്ട്രീയവ്യവസ്ഥയെ വരച്ചിട്ട ഓര്‍വെലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥ. 2014 മുതല്‍ പൊതുവേ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയോ അവഗണിക്കുകയോ ചെയ്തുവരുന്ന നരേന്ദ്ര മോഡി ഭരണകൂടം, പാര്‍ലമെന്റില്‍ നിന്ന് ജനാധിപത്യത്തെ പുറത്താക്കുകയെന്ന ഹിന്ദുരാഷ്ട്ര ആശയത്തിന്റെ ആദ്യചിത്രവും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ പ്രതിപക്ഷത്തെ മൂന്നില്‍ രണ്ട് അംഗങ്ങളെയും സഭയില്‍ നിന്ന് പുറത്താക്കുകയും തങ്ങള്‍ ആഗ്രഹിച്ച ബില്ലുകള്‍ പാസാക്കിയെടുക്കുകയും ചെയ്തു. പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയതാകട്ടെ പാര്‍ലമെന്റിലെ അതീവഗുരുതരമായ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ വിശദീകരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിനും.

പ്രതിപക്ഷത്തിന്റെ മുഴുവൻ ശബ്ദത്തെയും അടിച്ചമർത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് പാർലമെന്റിന്റെ ഇരുസഭകളും അടുത്തകാലത്ത് പ്രവർത്തിച്ചിരുന്നത്. ആരോഗ്യകരമായ ഒരു ചർച്ചയ്ക്കും സഭകൾ വേദിയാകാറില്ല. നിലവിലെ സഭയുടെ അവസാനകാല സമ്മേളനത്തില്‍പ്പോലും ജനങ്ങളുടെയും സുരക്ഷയുടെയും പ്രശ്നങ്ങൾ ഉന്നയിച്ച പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്തത് ഭരണകൂടം ജനാധിപത്യത്തെ എത്രമാത്രം അവമതിക്കുന്നുവെന്നതിന്റെ തെളിവാണ്. പാർലമെന്റ് അതിക്രമത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണം എന്നും ആവശ്യപ്പെടുന്നത് കുറ്റമാകുന്നതെങ്ങനെയെന്ന ചോദ്യം പൊതുസമൂഹത്തില്‍ പോലും ചര്‍ച്ചയാവുകയാണ്. പാർലമെന്റിൽ ഇതേക്കുറിച്ച് സംസാരിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നുവെന്നതു തന്നെ ജനാധിപത്യ സംവിധാനത്തെ അവഹേളിക്കലാണ്. ലോക്‌സഭയിലും രാജ്യസഭയിലുമായി 146 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുമ്പോള്‍, പ്രതിഷേധിക്കാനും അറിയാനുമുള്ള ജനാധിപത്യാവകാശത്തെയാണ് മോഡി ഭരണകൂടം കശാപ്പ് ചെയ്തത്.


ഇതുകൂടി വായിക്കൂ:സ്വേച്ഛാധിപത്യം കടുപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം


ലോകവ്യാപകമായി ജനാധിപത്യം തകരുകയും സ്വേച്ഛാധിപത്യം ഉയരുകയുമാണെന്ന് സ്റ്റോക്ഹോം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആന്റ് ഇലക്ടറൽ അസിസ്റ്റൻസിന്റെ റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്ന രാജ്യങ്ങളുടെ എണ്ണം ഇരട്ടിയായി. വിലയിരുത്തലിന് വിധേയമായ 173 രാജ്യങ്ങളിൽ പകുതിയോളം രാജ്യങ്ങളും ജനാധിപത്യത്തില്‍ പിന്നോട്ടടിക്കുകയാണ്. അതില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റംകൊണ്ടിരുന്ന ഇന്ത്യയുമുണ്ട് എന്നതാണ് മോഡി ഭരണത്തിന്റെ നേട്ടം. ജനാധിപത്യത്തിന്റെ മാതാവെന്ന് അവകാശപ്പെട്ടിരുന്ന രാജ്യത്ത് ചെങ്കോലിന്റെ മടങ്ങിവരവുകണ്ട് അന്തംവിട്ടു നിന്നവരാണ് നമ്മള്‍. അതിനുമുമ്പേ, വിദ്യാഭ്യാസകാര്യങ്ങളിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളെ ഉപദേശിക്കാനായി കേന്ദ്രസർക്കാരിനു കീഴിൽ 1963ൽ സ്ഥാപിതമായ എൻസിഇആർടി തയ്യാറാക്കിയ പത്താം ക്ലാസ് പാഠപുസ്തകങ്ങളിൽനിന്ന് ജനാധിപത്യം വലിച്ചെറിയപ്പെട്ടപ്പോഴും അങ്ങിങ്ങ് മുറുമുറുപ്പുകള്‍ മാത്രമാണുയര്‍ന്നത്. ജനകീയസമരങ്ങൾ, പ്രസ്ഥാനങ്ങൾ, രാഷ്ട്രീയപ്പാർട്ടികൾ, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ തുടങ്ങിയ പാഠങ്ങളെല്ലാം സംഘ്പരിവാര്‍ ഭരണത്തില്‍ അപ്രത്യക്ഷമായി.  ഗാന്ധിജി, ഗാന്ധിവധം, മൗലാന അബുൽ കലാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ, മുഗൾ ചരിത്രം, മുസ്ലിം ഭരണാധികാരികൾ, ഇസ്ലാമിക ചരിത്രം എന്നിവയും ചരിത്രത്തിൽനിന്ന് മാഞ്ഞു. ഗുജറാത്ത് കലാപം, ആർഎസ്എസ് നിരോധനം, നക്സലൈറ്റ് പ്രസ്ഥാനം, ഖലിസ്ഥാൻ വിഷയം, അടിയന്തരാവസ്ഥക്കാലം എന്നിവ പുറത്താക്കപ്പെട്ടു. പത്താം ക്ലാസിലെ ശാസ്ത്ര പാഠപുസ്തകങ്ങളിൽനിന്ന് ഡാർവിന്റെ പരിണാമസിദ്ധാന്തവും പീരിയോഡിക് ടേബിളും പുറത്താക്കപ്പെട്ടതും ജനാധിപത്യമെന്ന ബഹുസ്വരതയെ ഇല്ലാതാക്കി, വളരുന്നതലമുറയെ തങ്ങള്‍ക്കനുകൂലമായ വര്‍ഗരാഷ്ട്രീയത്തിലേക്ക് പാകപ്പെടുത്താനാണ്. അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ട പ്രതിപക്ഷം ഭിന്നിച്ചുനിന്നത് ഭരണകൂടത്തിന് തണലായി. ഇപ്പോഴവര്‍ കടുംവെട്ടിന്റെ സാമ്പിള്‍ പുറത്തെടുക്കുകയും ചെയ്തു.

ആശയാധിഷ്ഠിത രാഷ്ട്രീയത്തിനുമേൽ സ്വത്വാടിസ്ഥാനത്തിൽ അവകാശവാദം ഉന്നയിക്കുന്നതാണ് വലതുപക്ഷ രാഷ്ട്രീയ രീതി. ദൈവത്തെ മുൻനിർത്തി ചക്രവര്‍ത്തിമാര്‍ തങ്ങളുടെ അധികാരം ഉറപ്പിച്ചതിന്റെ പുത്തൻ പതിപ്പാണ് സംഘ്പരിവാര്‍ അവലംബിക്കുന്നത്. അരൂപിയായ ദൈവത്തിനു പകരം സരൂപിയായ മതത്തിനും വംശീയതയ്ക്കും ജാതിക്കുമാണ് രാഷ്ട്രീയത്തിൽ മേൽക്കെെ. രാഷ്ട്രീയമായി ഭൂരിപക്ഷം സ്വരൂപിക്കുന്നതിനെക്കാൾ എളുപ്പവും ഉറപ്പും സ്വത്വാടിസ്ഥാനത്തിൽ ഉണ്ടാക്കുന്നതാണെന്നവര്‍ തിരിച്ചറിയുന്നു. അതിലാകട്ടെ വൈകാരികതയുടെ അംശവും സാങ്കല്പിക ശത്രുക്കളെ സൃഷ്ടിക്കാനുള്ള സാധ്യതയും ധാരാളം. ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരത്തില്‍ രാഷ്ട്രീയത്തെ വിഭജിക്കുകയും ആദ്യത്തെ കൂട്ടരെ ഒപ്പം നിർത്തുകയും ചെയ്യുക എന്നതാണവരുടെ യുക്തി. അതുകൊണ്ടാണ് ദേശീയ രാഷ്ട്രീയം ആരാധനാലയങ്ങളുടെയും ഭാഷയുടെയും ചരിത്രത്തിന്റെയും ചെങ്കോലിന്റെയും വ്യക്തിനിയമങ്ങളുടെയും ചുറ്റും വട്ടംകറങ്ങുന്നത്. ഭൂരിപക്ഷത്തെ മത‑സാമുദായികാടിസ്ഥാനത്തിൽ നിർണയിക്കുകയും അതിനെ ഒരു പാർട്ടിയിലേക്കും ഒടുവില്‍ ഒരു വ്യക്തിയിലേക്കും ചുരുക്കുകയും ചെയ്യുന്നു. ഒരു രാജ്യം, ഒരു നിയമം, ഒരുഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്… അങ്ങനെ പോകും.


ഇതുകൂടി വായിക്കൂ:പ്രതിപക്ഷ മുക്ത പാര്‍ലമെന്റാണ് ലക്ഷ്യം


1990കളില്‍ രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങിയ നവഉദാരീകരണ സാമ്പത്തികനയങ്ങൾ ഭൂരിപക്ഷം ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആവിർഭാവത്തിന് കളമൊരുക്കുകയും ചെയ്തിരുന്നു. തൊഴിലാളി സംഘടനകളുടെ തകർച്ചയും രാഷ്ട്രീയ വലതുവൽക്കരണത്തിന്റെ ആക്കം കൂട്ടി. 1993–94 മുതൽ 2011-12 കാലയളവിൽ ട്രേഡ് യൂണിയൻ സാന്ദ്രത 20 ശതമാനം കുറഞ്ഞ് 28.8 ശതമാനത്തിലെത്തിയിരുന്നു. നരേന്ദ്ര മോഡി 2014ലെ തെരഞ്ഞെടുപ്പിൽ പറഞ്ഞത് വികസനത്തെക്കുറിച്ചും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തെയും അഴിമതിമുക്ത ഭാരതത്തെക്കുറിച്ചുമാണ്. അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണവുമെല്ലാം ചേര്‍ന്ന് ദുർബലമായ കോൺഗ്രസ് പാർട്ടിക്കും അതിന്റെ നേതൃത്വത്തിനും പകരം ശക്തമായ ഭരണവും ഭരണാധികാരിയും ജനങ്ങൾക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് ആവേശമാകു മെന്ന തിരിച്ചറിവാണ് 2014ലെ മോഡി സംഘത്തിന്റെ പ്രചരണമായത്. എന്നാൽ, അധികാരത്തിലെത്തിയതോടെ പൗരത്വവും ചരിത്രവും ഉൾപ്പെടെ ചോദ്യം ചെയ്യാനാവില്ലെന്ന് നാം കരുതിയ പലതിനെയും പുനഃപരിശോധിക്കാൻ ആരംഭിക്കുകയും രാഷ്ട്രീയം തന്നെ അവര്‍ വംശീയമാക്കുകയും ചെയ്തു.
വർത്തമാനകാല ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പതനം ഭരിക്കുന്നവര്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നതിനെക്കാൾ ഭരിക്കപ്പെടുന്നവർ സ്വന്തം ശക്തി തിരിച്ചറിഞ്ഞ് ഇടപെടുന്നില്ല എന്നതാണ്. ഭയം, മാധ്യമനിയന്ത്രണം, അനീതിക്കുനേരെയുള്ള ഭരണകൂട മൗനം, വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും രഹസ്യമായി സൂക്ഷിക്കൽ, ഭൂരിപക്ഷ വർഗീയതയുടെ ഉപയോഗം, നാടകീയമായ അഭിനയം തുടങ്ങിയവയാണ് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രധാന ചേരുവകൾ. പൊലീസ് നടപടിയും കേസുകളും ചേർന്ന് ഭരണകൂടവിമർശനം വിലക്കപ്പെട്ടതാക്കിയിരിക്കുന്നു. അന്വേഷണ ഏജൻസികളുടെ റെയ്ഡ്, അറസ്റ്റ് എന്നിവ പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തനത്തെത്തന്നെ ബാധിക്കുംവിധം അനുദിനം വർധിച്ചു. മാധ്യമങ്ങളെ രണ്ടു രീതിയിലാണ് ഭരണകൂടം വരുതിയിലാക്കാൻ ശ്രമിക്കുന്നത്-പരസ്യങ്ങളിലൂടെയും ഭയപ്പെടുത്തിയും. 2014–19 കാലയളവിൽ 4300 കോടി രൂപയിലധികം കേന്ദ്രസർക്കാർ പരസ്യത്തിന് ചെലവഴിച്ചുവെന്നാണ് കണക്ക്. 2019–20ല്‍ ഇത് പ്രതിദിനം 20 ദശലക്ഷം രൂപയായി.

ഏതെങ്കിലും മാധ്യമങ്ങൾ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചാൽ അത്തരക്കാരെ മെരുക്കാൻ ശ്രമിക്കുന്നത്, നിയമങ്ങളിലെ പഴുതുപയോഗിച്ച് കേസെടുത്തുകൊണ്ടാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ന്യൂസ്‌ക്ലിക്ക് സ്വേച്ഛാധിപത്യം ഒരുതരം ‘ബ്രെയിൻ വാഷിങ് ജനാധിപത്യ’മായാണ് നിലനില്‍ക്കുന്നത്. ഭയവും തന്ത്രപരമായ പ്രചാരണവും പരസ്പരം ചേർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനഃസാക്ഷിയുടെ പ്രതിപുരുഷനായി ഭരണകൂടം സ്വയം അവതരിക്കുന്നു. ദേശീയ രാഷ്ട്രീയം ഒരു അഭിനയകലയായി മാറുന്ന അവസരങ്ങള്‍ തന്നെ ധാരാളം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നോട്ട് നിരോധനം അവതരിപ്പിച്ച രീതി. രാജ്യത്തെ നടുക്കുന്ന സംഭവങ്ങളിലും ഭരണകൂടത്തിനെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളിലും ഭരണാധികാരികൾ കടുത്ത മൗനം ദീക്ഷിക്കുന്നു. യുപിയിൽ ദളിതനെ മർദിച്ച് ചെരുപ്പ് നക്കിച്ചതും ലൈംഗികാതിക്രമത്തിനെതിരെ വനിതാ ഗുസ്തിതാരങ്ങൾ നടത്തിയ സമരവും മൗനംകൊണ്ട് മായ്ച്ചുകളയാനാണ് ഭരണകൂടം ശ്രമിച്ചത്. നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട മണിപ്പൂർ കലാപത്തിന്റെ കാര്യത്തിൽ എത്രയോ വൈകിയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇത്തരം പല കാര്യങ്ങളും ചർച്ച ചെയ്യാൻ പാർലമെന്റിനു പോലും കഴിയുന്നില്ല, അഥവാ അനുവദിക്കുന്നില്ല. അതുതന്നെയാണ് പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയിലും കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന തന്ത്രം. അതിനാണവര്‍ പ്രതിപക്ഷത്തെ പുറത്താക്കിയത്.


ഇതുകൂടി വായിക്കൂ:ജനാധിപത്യത്തിന് മരണമണി


ഏകപക്ഷീയമായ അധികാര പ്രയോഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എംപിമാരുടെ പുറത്താക്കൽ. അധികാരത്തെ നിയമവിധേയമാക്കുന്നത് അത് വിനിയോഗിക്കുന്ന രീതിയാണ്. നമ്മുടേത് കേവലം ഭൂരിപക്ഷ ജനാധിപത്യമല്ല, ഭരണഘടനാപരമായ ജനാധിപത്യമാണെന്ന് ഭരണാധികാരികള്‍ ഓര്‍ക്കേണ്ടതുണ്ട്. ജനാധിപത്യത്തിൽ ഉത്തരവാദിത്തം വ്യക്തിയോടല്ല, ഭരണഘടനയുടെ ആത്മാവിനോടായിരിക്കണം. ട്രഷറി ബെഞ്ചിലും പ്രതിപക്ഷത്തുമുള്ളവര്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച പ്രതിനിധികളാണ്. ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ കടമ. അവരെ പുറത്താക്കുമ്പോള്‍, പുറത്താക്കപ്പെടുന്നത് ജനങ്ങളാണ്, ജനാധിപത്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.