Site icon Janayugom Online

കൂറുമാറ്റ നിരോധന നിയമം കൂറുമാറുമ്പോള്‍

ദയ്‌പുര്‍ കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് നടക്കുന്ന എല്ലാ ഗുരുതര സംഘര്‍ഷ സാഹചര്യങ്ങള്‍ക്കും അനിഷ്ടസംഭവങ്ങള്‍ക്കും ഉത്തരവാദി നൂപുര്‍ ശര്‍മയാണ്. ഗുരുതരമായ കുറ്റകൃത്യമാണ് നൂപുര്‍ ചെയ്തത്. പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പുപറയാന്‍ തയാറാവണം. വരുംവരായ്കകള്‍ ആലോചിക്കാതെ തികച്ചും അപക്വമായാണ് വിവാദപരാമര്‍ശം നടത്തിയത്. വാവിട്ട വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തി. രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായതിനാല്‍ നിയമം പാലിക്കാതെ എന്തും പറയാനുള്ള ലൈസന്‍സ് ഇല്ല. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് നൂപുര്‍‍ ശര്‍മ കരുതിയോ? വികാരം ആളിക്കത്തിക്കുന്ന പാര്‍‍ട്ടി വക്താക്കള്‍ക്ക് മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്‍കാന്‍ കഴിയില്ല’- രാജ്യത്തിന്റെ പരമോന്നത കോടതി ഇത്രയും പറഞ്ഞിരിക്കുന്നു. അതിത്രത്തോളം വൈകിയെന്ന പരിഭവമാകാം മതേതര ഭാരതത്തെ അങ്ങേയറ്റം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരില്‍. ജസ്റ്റിസ് സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യം വളരെ മുമ്പേ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്ത നിരീക്ഷണവും വിധിയും പ്രസ്താവിച്ചിരിക്കുന്നത്.
നൂപുര്‍ ശര്‍മയുടെ അതിരുകടന്ന പ്രസ്താവനയും അതേ തുടര്‍ന്ന് രാജ്യത്ത് നടമാടുന്ന അക്രമസംഭവങ്ങളും അപലപനീയമാണ്. പരമോന്നത കോടതിയിലെ രണ്ടംഗ ബെഞ്ചിന് അക്കാര്യം ബോധ്യമാകാന്‍ ഉദയ്‌പുരിലെ തയ്യല്‍ക്കാരന്റെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ്, ഭരണകൂടത്തിന്റെ കടിഞ്ഞാണിലാണ്. പ്രത്യേകിച്ച് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ സധൈര്യം വാഴാന്‍ തുടങ്ങിയതോടെ. പൊലീസ് മാത്രമല്ല, രാജ്യത്തെ സര്‍വ അന്വേഷണ ഏജന്‍സികളും കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിനുമുന്നില്‍ റാന്‍ മൂളിനില്‍ക്കുന്നു. ഭരണകൂടത്തിന്റെ സര്‍വാധികാരപരിധിയില്‍ വരുന്ന മുഴുവന്‍ സംവിധാനങ്ങളിലും അവരുടെ കൂലിപ്പടയെ അവരോധിക്കുകയാണ്. സൈന്യത്തെയും തങ്ങളുടെ ചരടില്‍ കെട്ടുന്നതിനാണ് സംഘ്പരിവാര്‍ അഗ്നിപഥ് പദ്ധതി തന്നെയൊരുക്കുന്നത്.


ഇതുകൂടി വായിക്കൂ: മതനിരപേക്ഷ പതാകയെ ആഗോളതലത്തില്‍ അപമാനിക്കുമ്പോള്‍


ഇവിടെ പറഞ്ഞുവരുന്നത് ഇത്യാദി കേന്ദ്ര ഏജന്‍സികളുടെയും മറ്റും തലപ്പത്തെ സംഘ്പരിവാര്‍ പടയെപ്പറ്റി മാത്രമല്ല. രാജ്യത്തെ നീതിന്യായ കോടതി നിലപാടുകളെക്കുറിച്ചുള്ള വ്യാപകമായ സംശയങ്ങളെക്കുറിച്ചുമാണ്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിനും ബിജെപിയുടെ കച്ചവടതന്ത്രത്തിന്റെ ഫലമായി വിമത ശിവസേനക്കാര്‍ അധികാരം പിടിച്ചടക്കിയതിനും പിന്നില്‍ കോടതികളെടുത്ത നിലപാടുകള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ലോകത്തുതന്നെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലെ ചട്ടങ്ങളും നിയമങ്ങളും സുശക്തവും വിലയേറിയതുമാണ്. ഓരോ പരാതികളുടെയും തോതനുസരിച്ച് ഈ നിയമങ്ങളെ ‘പരിപാലിക്കാന്‍’ ന്യായാധിപ കണ്ണുകള്‍ ചൂഴ്‌ന്നിറങ്ങുന്നത് നിസാര പഴുതുകളിലേക്കാവും. അവിടെ ഒരുപക്ഷെ നീതി ഉറപ്പാകുന്നത്, നിയമത്തെ അപമാനിക്കും വിധമായിരിക്കാം.

മഹാരാഷ്ട്ര സര്‍ക്കാര്‍ അട്ടിമറിക്കേസില്‍ ഉണ്ടായത് ജനാധിപത്യത്തിനും അതിന്റെ നിയമത്തിനും കളങ്കമായെന്ന അഭിപ്രായമാണ് നിയമവിദഗ്ധരില്‍ നിന്നുപോലും ഉയര്‍ന്നത്. ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച 15 എംഎല്‍എമാര്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ബിജെപി വലയത്തിലുള്ള ഗുജറാത്തിലെ റിസോര്‍ട്ടിലേക്ക് ഒളിച്ചുപോയത് വലിയൊരു കുതിരക്കച്ചവടത്തിനുവേണ്ടിയായിരുന്നു. അവിടെ പറഞ്ഞുറപ്പിച്ച കച്ചവടത്തിന്റെ ഭാഗമായാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിന് ഒറ്റരാത്രികൊണ്ട് താഴെയിറങ്ങേണ്ടിവന്നതും 24 മണിക്കൂര്‍ തികയും മുമ്പ് വിമതര്‍ക്ക് അധികാരക്കസേരയിലിരിക്കാനായതും തീര്‍ത്തും നിയമവിരുദ്ധമായ ചെയ്തികള്‍.
അഞ്ച് മുന്‍ മന്ത്രിമാരടക്കം വിമതരായിമാറിയ 15 എംഎല്‍എമാരെയും അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് ശിവസേന സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിശ്ചയിച്ച പ്രകാരം നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ അവരെ പങ്കെടുക്കാന്‍ അനുമതി നല്‍കരുതെന്നും ശിവസേന കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ അദ്ദേഹവും ഒപ്പമുള്ളവരും കൂറുമാറ്റ നിരോധന നിയമത്തിനെതിരെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇക്കാര്യം സുപ്രീം കോടതിയില്‍ ശിവസേനയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. എല്ലാം നേരിട്ട് കണ്ടിട്ടും കേട്ടിട്ടും ശിവസേനയുടെ അപേക്ഷയില്‍ അടിയന്തരമായ ഇടപെടല്‍ നടത്താന്‍ സുപ്രീം കോടതി വിസമ്മതിച്ചു എന്ന കാര്യം ഗൗരവതരമാണ്. ഒന്നര ആഴ്ചയ്ക്കുശേഷം ജൂലൈ 11നാണ് ഇത്രയും ഗൗരവമായ അന്യായം പരിഗണിക്കുന്നത്.


ഇതുകൂടി വായിക്കൂ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന പോരാട്ടം


വീണ്ടും വീണ്ടും കോടതികള്‍ സംശയനിഴലിലേക്ക് പതിക്കുന്നത്, ഇത്തരം സംഭവങ്ങളെത്തുടര്‍ന്നാണ്. ജൂണ്‍ 29ന് ശിവസേനയുടെ തന്നെ ഹര്‍ജിയില്‍ കോടതി സ്വീകരിച്ച നിലപാടും സംശയകരമായിരുന്നു. ജൂണ്‍ 30ന് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണം എന്ന മഹാരാഷ്ട്ര ഗവര്‍ണറുടെ നിര്‍ദേശത്തെ ചോദ്യം ചെയ്താണ് അന്ന് ശിവസേന സുപ്രീം കോടതിയിലെത്തിയത്. അവര്‍ക്കുവേണ്ടി മനു അഭിഷേക് സിങ്‌വിയും വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയ്ക്കുവേണ്ടി നീരജ് കിഷോര്‍ കൗളും ഹാജരായി. ഇരുപക്ഷത്തിന്റെയും വാദം കേട്ട രണ്ടംഗ ബെഞ്ച് വിധിച്ചത്, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പിറ്റേന്നുതന്നെ വിശ്വാസവോട്ട് തേടണം എന്നായിരുന്നു. വിമതര്‍ക്കൊപ്പം ബിജെപിയും ഏഴ് സ്വതന്ത്ര എംഎല്‍എമാരും ആവശ്യപ്പെട്ടതനുസരിച്ചാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ വിശ്വാസവോട്ടെടുപ്പിനായി തിടുക്കം കാട്ടിയത്. ഗവര്‍ണര്‍ കോഷിയാരിയുടെ രാഷ്ട്രീയം പറഞ്ഞ് സമയം കളയുന്നില്ല.
ഏതൊക്കെ പഴുതുകളിലൂടെ സഞ്ചരിച്ചായാലും അത്തരമൊരു വിധി പ്രസ്താവിച്ച സുപ്രീം കോടതി അവധിക്കാല ബെഞ്ച്, ഒരേ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം ഉപയോഗിച്ച് വിജയിച്ച ജനപ്രതിനിധികള്‍ രണ്ട് പക്ഷമായി തങ്ങളുടെ മുന്നില്‍ പരസ്പരം അധികാരത്തിനായി വാദിക്കുന്നു എന്ന സത്യത്തെ കണ്ടില്ല. ഇന്ന് രാജ്യം അങ്ങേയറ്റം വെറുക്കുന്ന നൂപുര്‍ ശര്‍മയെന്ന ബിജെപി വക്താവിനെതിരെ വിധി പറഞ്ഞ അതേ ജഡ്ജിമാരാണ് അന്ന് കൂറുമാറ്റ നിരോധന നിയമത്തെയും മഹാരാഷ്ട്രയിലെ ജനങ്ങളെയും നോക്കുകുത്തിയാക്കിയത്. ജസ്റ്റിസുമാരായ സൂര്യകാന്തും ജെ ബി പര്‍ഡിവാലയും മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയും രണ്ട് എന്‍സിപി എംഎല്‍എമാരും ക്വാറന്റൈനിലായിരുന്നു. വിമത നീക്കം നടത്തിയ എംഎല്‍എമാര്‍ക്ക് നിയമനിര്‍മ്മാണ സഭയുടെ ചട്ടം അനുസരിച്ചുതന്നെ ഡെപ്യൂട്ടി സ്പീക്കര്‍ നോട്ടീസും നല്‍കിയിരുന്നു. അതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയിലുണ്ട്. ഒരു കോണ്‍ഗ്രസ് എംഎല്‍എ വിദേശത്തുമായിരുന്നു. ഇതൊന്നും ന്യായാധിപര്‍ പരിഗണിച്ചില്ല. പ്രതിപക്ഷ നേതാവ് അവിശ്വാസത്തിന് കത്ത് നല്‍കിയത് തലേദിവസവും. ഈയൊരു പശ്ചാത്തലത്തില്‍ തിടുക്കത്തിലുള്ള വിധി സൂക്ഷ്മതയോടെ ആയിരുന്നു എന്ന് ആരും പറയില്ല.


ഇതുകൂടി വായിക്കൂ: രാജസ്ഥാനില്‍ കരുനീക്കം മുറുകി


‘ഗവര്‍ണറുടെ തീരുമാനത്തിന്റെ ആധികാരികത ഞങ്ങള്‍ എന്തിന് സംശയിക്കണം?’ എന്നാണ് വാദങ്ങള്‍ക്കിടെ ജസ്റ്റിസ് സൂര്യകാന്ത്, മനു അഭിഷേക് സിങ്‌വിയോട് ചോദിച്ചത്. എന്നാല്‍ മന്ത്രിസഭയുടെ തീരുമാനത്തിനനുസൃതമായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണറുടെ നടപടിയെയാണ് സിങ്‌വി ചോദ്യം ചെയ്തത്. എംഎല്‍എമാരുടെ കത്തിന്റെ ആധികാരികത പോലും ഗവര്‍ണര്‍ പരിശോധിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ കത്ത് കിട്ടിയാല്‍ വിശ്വാസവോട്ടെടുപ്പിന് നിര്‍ദേശിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന വസ്തുതയും സിങ്‌വി വാദിച്ചു. ഗവര്‍ണറുടെ എല്ലാ തീരുമാനങ്ങളും ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ട്. അതുപോലും അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല.

ഇവിടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പ്രസക്തി തന്നെ നഷ്ടമാവുകയാണ്. 1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് ഭരണഘടനയില്‍ ഭേദഗതി വരുത്തി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2014ല്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ ഈ നിയമത്തിന്റെ പല ദൗര്‍ബല്യവും മുതലെടുക്കാന്‍ തുടങ്ങി. കോടികളൊഴുക്കി സംസ്ഥാന ഭരണങ്ങള്‍ പിടിച്ചെടുത്തു. അതിന്റെ തുടര്‍ച്ച മഹാരാഷ്ട്രയില്‍ എത്തിനില്‍ക്കുന്നു. 2004ല്‍ പുതുക്കിയെടുത്ത നിയമത്തില്‍ പിളര്‍പ്പിലൂടെ മൂന്നില്‍ രണ്ടുഭാഗം മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ മൂന്നാമതൊരു പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്താല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നാണ്. നിയമസഭാ കക്ഷിയുടെ ആകെ അംഗബലത്തിന്റെ മൂന്നില്‍ രണ്ടുപേര്‍ കാലുമാറി മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് കൂറുമാറ്റ നിരോധന നിയമത്തിനകത്താവില്ല. നേരത്തെ ഗോവയില്‍ ആകെയുള്ള 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10പേരും ബിജെപിയില്‍ ചേര്‍ന്നതും നിയമത്തെ മറികടന്നതും ഈ പഴുത് ഉപയോഗിച്ചായിരുന്നു. തെലങ്കാനയില്‍ 18 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരും ടിആര്‍എസില്‍ ചേര്‍ന്നതും സമാനനീക്കത്തിലൂടെയാണ്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ആറ് രാജ്യസഭാംഗങ്ങളില്‍ നാല് പേര്‍ ബിജെപിയില്‍ ചേര്‍ന്നതും ഈവിധം നിയമത്തെ മറികടന്നാണ്.

എന്നാല്‍ തെരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന ധാരണകളും വ്യവസ്ഥകളും പാലിക്കാന്‍ വിജയിക്കുന്ന അംഗങ്ങള്‍ ബാധ്യസ്ഥരാണെന്നുള്ള നിരീക്ഷണം ചില ഹൈക്കോടതികളില്‍ നിന്നും ഈയിടെ ഉണ്ടായി. അതുപക്ഷെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ കാര്യത്തിലാണ്. നേരത്തെ കൂറുമാറ്റത്തിനെതിരെ സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ച വിധിയുടെ തുടര്‍ച്ചയായിരുന്നു അത്. കഴിഞ്ഞ ജനുവരിയില്‍ സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ കൂറുമാറ്റ നിരോധന നിയമത്തിന് ഏറെ പ്രധാന്യം കല്‍പ്പിച്ചുകൊണ്ടായിരുന്നു. കൂറുമാറ്റങ്ങളില്‍ തീരുമാനങ്ങളെടുക്കുന്ന ഗവര്‍ണര്‍ രാഷ്ട്രീയ പ്രതിനിധികളാവുന്നതിലെ അപാകതപോലും അന്ന് ചര്‍ച്ചയായി. പാര്‍ട്ടി പ്രതിനിധികളായി നിയമിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ കൂറുമാറ്റം പോലുള്ള വിഷയങ്ങളിലടക്കം നിഷ്പക്ഷമായിരിക്കില്ല എന്ന് കോടതി തുറന്നുപറയുകയായിരുന്നു. ഇത്തരം വിഷങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ പ്രത്യേകം ട്രൈബ്യൂണലിനെ നിയോഗിക്കണമെന്ന നിരീക്ഷണമാണ് അന്ന് സുപ്രീം കോടതി നടത്തിയത്. പാര്‍ലമെന്റാണ് ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരേണ്ടത് എന്നതിനാല്‍, ഇപ്പോഴത്തെ സാഹചര്യത്തിലും ഭരണപക്ഷ പശ്ചാത്തലത്തിലും അത് എത്രത്തോളം സാധ്യമാകും എന്നതിലാണ് സംശയം. ദുര്‍ബലമായ കൂറുമാറ്റ നിരോധന നിയമത്തെ ശക്തമാക്കി ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ശബ്ദമുയരേണ്ടത്. പണാധിപത്യത്തിനെതിരെയുള്ള പോരാട്ടം കൂടിയാകണം അത്.

Exit mobile version