6 May 2024, Monday

രാജസ്ഥാനില്‍ കരുനീക്കം മുറുകി

Janayugom Webdesk
June 8, 2022 11:32 pm

രാജസ്ഥാൻ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കരുനീക്കങ്ങള്‍ മുറുകി. ബിജെപി വോട്ടുമറിക്കാൻ കുതിരക്കച്ചവടം നടത്തുന്നുവന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് പരാതി നല്‍കി. സർക്കാർ ചീഫ് വിപ്പും ജലവിഭവമന്ത്രിയുമായ ഡോ. മഹേഷ് ജോഷിയാണ്, മാധ്യമ ഉടമ സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാൻ ബിജെപി നടത്തുന്ന കുതന്ത്രങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നീക്കങ്ങളില്‍ സുഭാഷ് ചന്ദ്രയുടെ ജയം അനിശ്ചിതത്തിലായിട്ടുണ്ട്.

രാജസ്ഥാനിൽ രണ്ടുസീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ബിജെപിയും ജയമുറപ്പിച്ചെങ്കിലും നാലാമത്തെ സീറ്റിൽ കോൺഗ്രസിന്റെ പ്രമോദ് തിവാരിയോ, ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രൻ സുഭാഷ് ചന്ദ്രയോ ജയിക്കുക എന്നതാണ് പാർട്ടികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. ഇരുപാര്‍ട്ടികളും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയെങ്കിലും 10ന് വോട്ടെടുപ്പ് നടക്കും വരെ ഒന്നിനും ഉറപ്പില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുവന്ന സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ മൂല്യങ്ങളും അട്ടിമറിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് പരാതിയിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‍പി ടിക്കറ്റിൽ ജയിച്ച് പിന്നീട് തങ്ങളോടൊപ്പം ചേർന്ന ആറ് എംഎൽഎമാർ മറുകണ്ടം ചാടുമോയെന്നതാണ് കോൺഗ്രസിന്റെ ആധി. എന്നാൽ, ഇത് മറികടക്കാൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഗെലോട്ട് ക്യാമ്പ് പറയുന്നു. എന്നാല്‍ ബിജെപി വോട്ടുകൾക്ക് പുറമെ മൂന്ന് എംഎൽഎമാരുള്ള ആർഎൽപിയുടേതടക്കം തനിക്ക് ഒമ്പത് എംഎൽഎമാരുടെ പിന്തുണ ഉറപ്പാണെന്ന് സുഭാഷ് ചന്ദ്ര പറയുന്നു. സുഭാഷ് ചന്ദ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി രംഗത്തുവരികയും ചെയ്തു.

അതിനിടെ വിമത സ്വരമുയർത്തിയ ആറു കോൺഗ്രസ് എംഎൽഎമാരെ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് കഴിഞ്ഞദിവസം അനുനയിപ്പിച്ച് ഉദയ്‌പുരിലെ ഹോട്ടലിലെത്തിച്ചത്. സംസ്ഥാനത്ത് 2020ൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായപ്പോൾ സുസ്ഥിര സർക്കാരുണ്ടാക്കാനാണ് ബിഎസ്‍പി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നതെന്നും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇവർ തങ്ങളെ പിന്തുണയ്ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നത് എങ്ങനെയാണെന്നും ഗെലോട്ട് ചോദിച്ചു.
അതേസമയം ഭരണകക്ഷിയായ കോൺഗ്രസ് എംഎൽഎമാരെ തങ്ങളുടെ വരുതിയിലാക്കാന്‍ സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇത് സംബന്ധിച്ച് സംസ്ഥാന ബിജെപി നേതൃത്വം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും കത്തയച്ചിട്ടുണ്ട്. പ്രതീക്ഷിച്ച പിന്തുണ കുതിരക്കച്ചവടത്തിന് ലഭിക്കാത്തതാണ് ബിജെപിയുടെ പരാതിക്ക് പിന്നിലെന്ന് കോണ്‍ഗ്രസും ഇതിനോട് പ്രതികരിച്ചു.

Eng­lish Sum­ma­ry: tac­tics tight­ened in Rajasthan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.