പെറുവില്‍ പ്രസിഡന്റ് ദിന ബൊലുവാര്‍ട്ടെക്കും സര്‍ക്കാരിനുമെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. കനത്ത പൊലീസ് സാന്നിധ്യത്തിൽ നൂറുകണക്കിന് ആളുകളാണ് തലസ്ഥാനമായ ലിമയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലുകളും കുപ്പികളും എറിഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നതായി മനുഷ്യാവകാശ സംഘടനയായ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കോർഡിനേറ്റർ (സിഎൻഡിഡിഎച്ച്എച്ച്) അറിയിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നു. വലിയ അളവില്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് സിഎൻഡിഡിഎച്ച്എച്ച് അഭിഭാഷകന്‍ പറഞ്ഞു.
അഴിമതിക്കും കൊള്ളയടിക്കലിനും എതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് ഗതാഗത തൊഴിലാളികളും യുവാക്കളുടെയും കൂട്ടായ്മയും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. തൊഴിൽ അരക്ഷിതാവസ്ഥയും 70 ശതമാനത്തിലധികം അനൗദ്യോഗിക തൊഴിൽ നിരക്കും ഉണ്ടായിരുന്നിട്ടും യുവാക്കൾ സ്വകാര്യ പെൻഷൻ ഫണ്ടുകളിലേക്ക് സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കിയതാണ് പ്രതിഷേധത്തിലേക്ക് വഴിവച്ചത്.
പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ സംഘര്‍ഷം; 19 പേര്‍ക്ക് പരിക്ക്

