Site iconSite icon Janayugom Online

പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; 17 മരണം

പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ 17 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പെറു പ്രസിഡന്റായിരുന്ന പെഡ്രോ കാസ്റ്റിലോയുടെ അനുഭാവികളായ ഗ്രാമവാസികളാണ് പ്രതിഷേധം നടത്തിയത്.
ബൊളിവിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജുലൈക നഗരത്തിലെ വിമാനത്താവളത്തിന് സമീപമാണ് പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടിയത്. 17 വയസുകാരനുള്‍പ്പെടെ ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചുകുയിടോയില്‍ ഹൈവെ തടഞ്ഞുള്ള പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പിലും നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 13 ശതമാനം പ്രദേശങ്ങളിലും പ്രതിഷേധം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2026ല്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താനും സുരക്ഷാസേന അമിത അധികാരം ഉപയോഗിച്ചോവെന്നത് സംബന്ധിച്ച് ജുഡീഷ്യറി അന്വേഷണം നടത്താനും ദിന ബൊലുവാര്‍തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധത്തെ ചെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പെഡ‍്രോ കാസ്റ്റിലോയെ വിട്ടയയ്ക്കുക, നിലവിലെ പ്രസിഡന്റ് ദിന ബൊലുവാര്‍തെയെ പുറത്താക്കുക, തെരഞ്ഞെടുപ്പ് നേരത്തെയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ഡിസംബറില്‍ കോണ്‍ഗ്രസ് നിയമപരമായി പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പെ‍ഡ്രോ കാസ്റ്റിലോയെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു. ബൊളീവിയന്‍ നേതാവ് ഇവോ മൊറാലിസ് ആണ് രാജ്യത്തെ പ്രതിഷേധത്തിന് പിന്നിലെന്നാണ് ബൊലുഗാര്‍തെ സര്‍ക്കാരിന്റെ വാദം. 

കാസ്റ്റിലോ 18 മാസത്തെ വിചാരണ തടങ്കലിൽ കഴിയുകയാണ്. പെറുവിലെ പ്രതിഷേധക്കാർ പുതിയ ഉപരോധങ്ങൾ സ്ഥാപിക്കുകയും നിരവധി പ്രദേശങ്ങളിലേക്ക് പ്രകടനങ്ങൾ വ്യാപിക്കുകയും ചെയ്തു. കോൺഗ്രസ് പിരിച്ചുവിടല്‍, ഭരണഘടനയിൽ മാറ്റം വരുത്തൽ എന്നിവക്കായി രാജ്യത്തുടനീളം ആഹ്വാനങ്ങൾ ശക്തമാകുകയാണ്. വർഷങ്ങൾ നീണ്ട രാഷ്ട്രിയ അഴിമതികൾക്കും അസ്ഥിരതകൾക്കും ഇടയിൽ പെറുവിന്റെ നിയമനിർമ്മാണത്തെ പത്തില്‍ ഒമ്പത്പേരും അംഗീകരിക്കുന്നില്ലെന്ന് സമീപകാല സർവേകൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പിനുള്ള ആവശ്യങ്ങൾ ശക്തമാകുന്നത്. 

Eng­lish Summary;Anti-government protests in Peru; 17 death
You may also like this video

Exit mobile version