Site iconSite icon Janayugom Online

ഇന്ത്യാ വിരുദ്ധ പരാമർശം; ഓസ്ട്രേലിയൻ സെനറ്ററെ പുറത്താക്കി

ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ഓസ്ട്രേലിയൻ സെനറ്റർ ജെസിന്ത നമ്പിജിൻപ പ്രൈസിനെ പ്രതിപക്ഷത്തിന്റെ ഷാഡോ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പരാമർശങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടും അവർ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെക്കുറിച്ച് തനിക്ക് ആശങ്കകളുണ്ടെന്നും, ലേബർ പാർട്ടി ഭരിക്കുന്ന സർക്കാർ ഇന്ത്യക്കാർക്ക് വലിയ തോതിൽ കുടിയേറ്റാനുമതി നൽകുന്നത് പ്രധാനമന്ത്രി ആന്തണി അൽബനീസിന് രാഷ്ട്രീയമായി പ്രയോജനമുള്ളതുകൊണ്ടാണെന്നുമായിരുന്നു സെനറ്ററുടെ പരാമർശം. പ്രതിപക്ഷത്തെ മധ്യ‑വലതുപക്ഷ ലിബറൽ പാർട്ടി സെനറ്ററായ ജെസിന്ത ഒരു റേഡിയോ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്. അവർ പ്രതിരോധ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്.

ജെസിന്ത നമ്പിജിൻപ പ്രൈസിൻ്റെ പരാമർശങ്ങൾ ഇന്ത്യൻ ഓസ്‌ട്രേലിയൻ സമൂഹത്തിന് വലിയ വേദനയുണ്ടാക്കിയതായി ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് സൂസൻ ലേ വ്യക്തമാക്കി. ‘ആ പരാമർശങ്ങൾ തെറ്റായിരുന്നു, അത് നടത്താൻ പാടില്ലായിരുന്നു. മാപ്പ് പറയാൻ സമയവും അവസരവും നൽകിയിട്ടും അവർ ഖേദം പ്രകടിപ്പിച്ചില്ല,’ സൂസൻ ലേ പറഞ്ഞു. താൻ ലേയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും, ഇന്ത്യൻ സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും, മറിച്ച് കുടിയേറ്റത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും ജെസിന്ത പിന്നീട് പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നായ ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള ഈ പരാമർശങ്ങൾ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

Exit mobile version