Site icon Janayugom Online

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ദേശവിരുദ്ധ നിയമം; മോഡിഭരണത്തില്‍ വര്‍ധിച്ചത് 93 ശതമാനം

ഭരിക്കുന്ന സര്‍ക്കാരുകളുടെ അഴിമതിയും ദുര്‍ഭരണവും തുറന്നുകാട്ടുന്ന മാധ്യമ പ്രവര്‍ത്തകരെ ദേശവിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്യുന്ന പ്രവണത ഏറിവരുന്നതായി പഠനം. ഇന്ത്യയടക്കമുള്ള 180 രാജ്യങ്ങളിലാണ് സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം കടുത്ത വെല്ലുവിളി അഭിമുഖീകരിക്കുന്നതെന്ന് കമ്മിറ്റി ടു പ്രോട്ടക്ട്(സിപിജെ) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവുമൊടുവില്‍ ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്ററെയും എച്ച് ആര്‍ മാനേജരെയും കല്‍ത്തുറങ്കിലടച്ച മോഡി സര്‍ക്കാരിന്റെ മാധ്യമവേട്ട ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളിൽ 161-ാം സ്ഥാനത്താണ് ഇന്ത്യ, 2022ൽ 150-ാം സ്ഥാനത്തുനിന്നും 2021ൽ 142-ാം സ്ഥാനത്തുമായിരുന്നു.

മാധ്യമപ്രവർത്തകരെ ജയിലിയടയ്ക്കുന്നതില്‍ കഴിഞ്ഞദശകത്തില്‍ ഇന്ത്യ റെക്കോർഡ് കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. 1992 മുതൽ ജയിലിലേക്ക് അയച്ച 35 പത്രപ്രവർത്തകരിൽ 29 പേർ 2011ന് ശേഷം അറസ്റ്റിലായവരാണ്. 2021ലും 2022ലും ഏഴ് മാധ്യമപ്രവർത്തകർ അറസ്റ്റിലായി, 1992ന് ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. 1992 മുതൽ 2010 വരെ, മൊത്തം നാല് മാധ്യമപ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.

രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഭൂരിഭാഗം മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്തത്. 2022ൽ അറസ്റ്റിലായ ഏഴ് മാധ്യമപ്രവർത്തകരുടെ മേലും രാജ്യവിരുദ്ധ കുറ്റം ചുമത്തി. 2021ൽ അറസ്റ്റിലായ ഏഴു മാധ്യമപ്രവർത്തകരിൽ ആറുപേർക്കെതിരെ രാജ്യവിരുദ്ധ കുറ്റം ചുമത്തി. 2011 മുതൽ ആകെ അറസ്റ്റിലായ 31 മാധ്യമപ്രവർത്തകരില്‍ 29 പേർക്കെതിരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേസെടുത്തു.

2022ല്‍ എഴ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും 1992 മുതല്‍ 2023 വരെ മാത്രം ഇന്ത്യയില്‍ 58 പേര്‍ കൊല്ലപ്പെട്ടുവെന്നും സിപിജെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ മാത്രമാണ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. ആഗോളതലത്തില്‍ 1992ന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ കൊല ഏറിവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകരെ കേസില്‍പ്പെടുത്തി ജയിലിലടയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനമാണ്. ഇറാന്‍, ചൈന, മ്യാന്‍മര്‍, തുര്‍ക്കി, ബെലറൂസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുകളില്‍.

Eng­lish Sum­ma­ry: Anti-nation­al law against jour­nal­ists; It has increased by 93 per­cent in the Modi government
You may also like this video

Exit mobile version