Site iconSite icon Janayugom Online

ആര്‍എസ്എസ് വിരുദ്ധത ഇടതുമുന്നണിയുടെ ഉറച്ച നിലപാട്

LDFLDF

ആർഎസ്എസ്എസിന്റെ രൂപീകരണം മുതൽ തന്നെ അവരുടെ ലക്ഷ്യമെന്താണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരാണ് അതിന്റെ നിലപാടെന്നും ഹിന്ദുരാഷ്ട്രവാദത്തിൽ അധിഷ്ഠിതമാണ് സംഘടനയുടെ നിലനില്പെന്നും അവർ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. അങ്ങനെയൊരു സംഘടനയുമായി ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ കമ്മ്യൂണിസ്റ്റുകാർക്ക് അല്ലെങ്കിൽ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന് ബന്ധമുണ്ടെന്ന് പറയുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ആർഎസ്എസിന്റെ അപകടകരമായ പ്രവർത്തനത്തെയും അവർ ഈ രാജ്യത്ത് ഉയർത്തിവിടുന്ന വിഷലിപ്തമായ പ്രചരണങ്ങളെയും ശക്തമായി ചെറുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്തുടനീളം കഴിവിനനുസരിച്ച് പ്രചരണം നടത്തി മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അത്തരമൊരു സാഹചര്യത്തിൽ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ കമ്മ്യൂണിസ്റ്റുകാർ ആർഎസ്എസുമായി ബന്ധപ്പെടുന്ന ഏതൊരു പ്രവൃത്തിയെയും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇത്തരമൊരു ആക്ഷേപമുന്നയിച്ച് മുന്നോട്ടുപോകുമ്പോൾ അതിനുവഴിവച്ച പ്രശ്നം സഭയില്‍ സൂചിപ്പിച്ചു. അതിന്റെ കൂട്ടത്തിൽ മലപ്പുറവുമായി ബന്ധപ്പെട്ട വിഷയവും ഉന്നയിക്കുകയുണ്ടായി. ആർഎസ്എസിലെ ചില നേതാക്കന്മാരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥൻ ചെന്നുകണ്ടു എന്ന വിഷയമാണ് ഇതിൽ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആ കൂടിക്കാഴ്ചയെ ന്യായീകരിക്കാൻ ആരും മുതിര്‍ന്നിട്ടില്ല. അത് വളരെ ഗൗരവമേറിയതും ദുരൂഹവുമായ പ്രശ്നമാണ്. അതിന്റെ ലക്ഷ്യങ്ങളെന്തായിരുന്നു എന്നതും ആരൊക്കെ സംബന്ധിച്ചു എന്നുമുള്ള കാര്യങ്ങള്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ സംരക്ഷിക്കാനല്ല ശ്രമിച്ചതെന്നര്‍ത്ഥം.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥന്റെ നടപടിയിൽ സംശയം ഉന്നയിക്കുകയും അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നത് വസ്തുതയാണ്. എല്ലാവർക്കും അറിയാവുന്ന കാര്യമാണത്. അതിലാരും കയ്യടിക്കേണ്ട കാര്യമില്ല. അത് എല്ലാവരുടെയും മുന്നിൽ ഏറെ തവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ്. ഇപ്പോൾ അതിന്റെ അന്വേഷണങ്ങളുമായി മുന്നോട്ടുപോകുകയാണ്. എന്താണ് നടപടി സ്വീകരിക്കാത്തതെന്നൊക്കെ എല്ലാവരും ചോദിക്കുന്നു. ഇതിന്റെ എല്ലാ വിശദാംശങ്ങളും പുറത്തു വന്നിട്ടുള്ളതാണ്. ഇതുസംബന്ധിച്ച് ഇനിയും ആവശ്യമായ അന്വേഷണങ്ങൾ വ്യത്യസ്തങ്ങളായ തലങ്ങളിൽ തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. തീർച്ചയായും അത്തരമൊരു സാഹചര്യത്തിൽ അതുസംബന്ധിച്ചുള്ള തീരുമാനമുണ്ടാകുമെന്നാണ് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്നത്.
പക്ഷേ, കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ആർഎസ്എസുമായി ബന്ധമുണ്ടെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ നയിക്കുന്ന സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രി നേരിട്ട് അവരുമായി ബന്ധപ്പെടുന്നുവെന്നും പ്രചരിപ്പിക്കുന്നത് ഒരു അടിസ്ഥാനവുമില്ലാതെയാണ്. അങ്ങനെയൊരു നിലപാട് സ്വീകരിച്ചുകൊണ്ടല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
പ്രതിപക്ഷം നിയമസഭയില്‍ മലപ്പുറത്തെ വല്ലാതെ ആക്ഷേപിച്ചുവെന്ന രീതിയിൽ പറയുകയുണ്ടായി. സംസ്ഥാനത്തെ ഏതെങ്കിലുമൊരു പ്രദേശത്തെയോ സമുദായത്തെയോ ആക്ഷേപിക്കാനോ മോശമായി ചിത്രീകരിക്കാനോ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരോ അതിന്റെ തലവനായ മുഖ്യമന്ത്രിയോ ശ്രമിച്ചിട്ടില്ല. കേരളത്തിലെ വലിയ പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് മലപ്പുറം. ധീരദേശാഭിമാനികളുടെ നാടാണ്. മലബാർ കലാപം സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ സമരമായിരുന്നുവെന്ന് നമുക്കറിയാം. നാടുവാഴിത്തത്തിനുമെതിരായുള്ള നിലപാടാണത്. ദേശീ­യ സ്വാതന്ത്ര്യം പ്രസ്ഥാനത്തിന്റെ ഭാഗമാണ് എന്ന് ഉറക്കെപ്പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അങ്ങനെ ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായി സാഹസികമായ പോരാട്ടം നടന്നിട്ടുള്ള മണ്ണിനെ ആക്ഷേപിക്കാനോ അവിടെ അധിവസിക്കുന്ന ജനങ്ങളെ അധിക്ഷേപിക്കാനോ യാതൊരു കാരണവശാലും കമ്മ്യൂണിസ്റ്റ് പാർട്ടിയോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ അതിന്റെ സര്‍ക്കാരോ തയ്യാറാവില്ലെന്നത് ഉറപ്പാണ്. 

ആ ചരിത്രം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന സത്യം പ്രധാനമായി എടുത്തുപറഞ്ഞിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. 1969ലെ ഇഎംഎസിന്റെ ഭരണകാലഘട്ടത്തില്‍ അവിടെ അധിവസിച്ചിരുന്ന ജനങ്ങളിൽ മഹാഭൂരിപക്ഷവും രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗമായിരുന്നു. പക്ഷേ, അവിടുത്തെ ഭൂരിപക്ഷ വിഭാഗങ്ങൾ മുസ്ലിം സമുദായത്തിൽപ്പെട്ടവർ തന്നെയായിരുന്നു. അങ്ങനെയൊരു പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി ഒരു ജില്ലാ പദവി അനുവദിച്ചുകൊടുത്തതിനെതിരെയായി സമരം നടത്തിയ ജനസംഘത്തിന്റെയും കോൺഗ്രസിന്റെയും പഴയ ചരിത്രം ആരും മറക്കാനിടയില്ല. കാരണം, ഇതെല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളാണ്. അതാർക്കും നിഷേധിക്കുവാന്‍ കഴിയുന്നതല്ല.
അവിടെ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉത്തരവാദി മതവിഭാഗങ്ങളാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. അതുപറഞ്ഞിട്ടുമില്ല. അങ്ങനെ ആക്ഷേപിക്കുന്നത് ശരിയുമല്ല. അന്നത്തെ ജില്ലാ പ്രക്ഷോഭങ്ങളെക്കുറിച്ച് മുകളില്‍ സൂചിപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷത്തിനെതിരായി സംസാരിക്കുന്നുവെന്ന് ആക്ഷേപിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയില്ലാണെന്നത് ശരിയാണ്. അവിടെ വിമാനമിറങ്ങുന്ന കള്ളക്കടത്തുകാരോ ഹവാല പണമിടപാടുകാരോ എല്ലാം മലപ്പുറത്തുകാരാണെന്ന് പറയാൻ കഴിയില്ല. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരും കാണും. അങ്ങനെയൊരു സാഹചര്യത്തിൽ, അവിടെ വന്നിറങ്ങി പോകുന്നവർ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്ലെങ്കിൽ കരിപ്പൂർ വിമാനത്താവളത്തിൽ നടക്കുന്ന ഇടപാടുകളെ സംബന്ധിച്ച് പറയുന്നത് നാട്ടുകാരെ കുറിച്ചാണെന്ന രീതിയിൽ വ്യാഖ്യാനിച്ചാൽ യാതൊരു അർത്ഥവുമില്ല. അങ്ങനെയൊരു നിലപാടും ഈ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളമില്ല.
കള്ളക്കടത്തിന്റെ/ഹവാല പണമിടപാടുകളുടെ ഭാഗമായി കൊണ്ടുവരുന്ന കണക്കില്ലാത്ത പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാൽ അതിനെ ആരെങ്കിലും നിഷേധിക്കുമോ; ആർക്കെങ്കിലും എതിർക്കാൻ കഴിയുമോ. കണക്കില്ലാത്ത പണം കയ്യിലെത്തുകയും ആ പണം ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കാന്‍കഴിയുകയും തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ പ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും അത് രാജ്യദ്രോഹ പ്രവർത്തനമുൾപ്പെടെ ആകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാൽ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ഓരോ പ്രദേശത്തും അധിവസിക്കുന്ന ഭൂരിപക്ഷത്തിനെതിരായ പ്രചരണമാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ നടത്തി, അത് രാഷ്ട്രീയമായി മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് ഒരു കാരണവശാലും ഗുണമുള്ള കാര്യമല്ല. ആർഎസ്എസ്-ബിജെപി പോലുള്ള പ്രസ്ഥാനങ്ങൾ നമ്മുടെ രാജ്യത്ത് ഇപ്പോൾ ആഗ്രഹിക്കുന്നത് ഇവിടെ തികച്ചും ജാതീയമായും സാമുദായികമായും ആളുകളുടെ ചേരിതിരിവുണ്ടാക്കുകയും അതിന്റെ ഭാഗമായി പുതിയൊരു അവസ്ഥ സൃഷ്ടിച്ചെടുക്കുകയും ചെയ്യണമെന്നുള്ളതാണ്. 

കേന്ദ്ര ഭരണകർത്താക്കളുടെ സമീപനങ്ങളും നയങ്ങളും സംഘ്പരിവാർ ശക്തികളുടെ ശ്രമങ്ങളും അതിനുവേണ്ടിയാണെന്ന് നമുക്കറിയാം. യാതൊരു കാരണവശാലും കേരളത്തിൽ നിലനിൽക്കുന്ന മതനിരപേക്ഷ സമൂഹത്തിന്റെ ഐക്യത്തിനും യോജിച്ച പ്രവർത്തനത്തിനും മുന്നോട്ടുള്ള യാത്രയ്ക്കും ഒരു തടസവും വരുത്താത്ത വിധത്തിലായിരിക്കണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും മനോഭാവം. അതല്ലാതെ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുകയും ഇകഴ്ത്തിക്കാണിക്കുകയും അതിന്റെ ഉത്തരവാദിത്തം കേരളത്തിലെ ഗവൺമെന്റിനാണെന്നും ഭരണകൂടമാണ് അതിന് നേതൃത്വം നൽകുന്നതെന്നും പ്രചരിപ്പിക്കുന്നത് അപകടകരമായിരിക്കും. മറ്റ് ചിലരുടെ കയ്യിലേക്ക് ഈ പ്രദേശത്തെയും കേരളത്തെയും തള്ളിവിടുന്നതിന് ഇടവരുത്തുന്ന, അവരുടെ വികാരങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിധത്തിലുള്ള പ്രചരണം യാതൊരു കാരണവശാലും മതന്യൂനപക്ഷ വിഭാഗങ്ങളുടെ ഭാഗത്തുനിന്നുമില്ലാതിരിക്കണം.
മറ്റൊരു കാര്യം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നയങ്ങൾക്കും സമീപനത്തിനുമെതിരായ നിലപാട് ഏത് ഉദ്യോഗസ്ഥൻ സ്വീകരിച്ചാലും അത്തരം നിലപാടുകൾക്കെതിരെ കർക്കശ നടപടിയുമായി മുന്നോട്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയും, കഴിയണമെന്നുള്ളതാണ്. അതിനുവേണ്ടിയുള്ള നിലപാടുകളാണ് ഇക്കാലമാത്രയും ഇവിടുത്തെ ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി, മുന്നണിക്കകത്ത് ഇത്തരം നിലപാടുകൾ സ്വീകരിക്കുമ്പോൾ അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയമായല്ല; ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രസ്ഥാനത്തിന്റെ ആകെ ശക്തമായ മുന്നേറ്റമായും മതനിരപേക്ഷ ശക്തികളുടെ വിജയമായും മാത്രമെ കാണുന്നുള്ളൂ. അത്തരമൊരു നിലപാടായിരിക്കണം നമ്മുടെ നാട്ടിലെ എല്ലാവിഭാഗം ജനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്.
(നിയമസഭയില്‍ കഴിഞ്ഞ ദിവസം നടപടികള്‍ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഉപക്ഷേപത്തിന്റെ ചര്‍ച്ചാവേളയില്‍ സിപിഐ നിയമസഭാ കക്ഷി നേതാവ് കൂടിയായ ലേഖകന്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)

Exit mobile version