Site icon Janayugom Online

യുറോപ്യന്‍ രാജ്യങ്ങളില്‍ യുദ്ധ വിരുദ്ധ പ്രക്ഷോഭം ശക്തം

റഷ്യ ആക്രമണം കടുപ്പിക്കുന്നതിനിടെ യുറോപ്യന്‍ രാജ്യങ്ങളില്‍ യുദ്ധ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടും റഷ്യയിലെ പല നഗരങ്ങളിലും പ്രതിഷേധം വ്യാപിക്കുന്നുണ്ട്. ജര്‍മ്മന്‍ ട്രേഡ് യൂണിയനുകള്‍ പ്രധാന നഗര ചത്വരങ്ങളില്‍ യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു. ഉക്രെയ്‍ന്‍ പതാകകളും യുദ്ധം അവസാനിപ്പിക്കു, ഉക്രെയ‍്ന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം നടത്തുന്നത്.തങ്ങളുടെ രാജ്യത്തിന്റെ പ്രവൃത്തിയില്‍ ലജ്ജിക്കുന്നുവെന്നാണ് ജര്‍മ്മനിയിലെ റഷ്യന്‍ പൗരന്‍മാരുടെ പ്രതികരണം. 

വാർസോ, ലണ്ടൻ, ജർമ്മൻ നഗരങ്ങളായ ഫ്രാങ്ക്ഫർട്ട്, ഹാംബർഗ്, സ്റ്റട്ട്ഗാർട്ട് ‚ഇറ്റലി എന്നിവിടങ്ങളിലും യുദ്ധ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഉക്രെയ്‍നില്‍ വിമാന നിരോധിത മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു റോമില്‍ പ്രതിഷേധ റാലികള്‍ അരങ്ങേറിയത്. ഉക്രെയ്‍നില്‍ ആക്രമണത്തിനിടെ മരിച്ച കുഞ്ഞുങ്ങള്‍ക്ക് ആദരാ‍ഞ്ജലി അര്‍പ്പിച്ചു കൊണ്ട് രക്തക്കറ പുരണ്ട ഉടുപ്പുകളുമായാരുന്നു ഇറ്റലിയിലെ മിലനില്‍ പ്രതിഷേധം നടത്തിയത്.

റഷ്യയില്‍ യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു നേരെ പൊലീസ് കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. പ്രതിഷേധം നടന്ന 36 നഗരങ്ങളില്‍ നിന്ന് ഈ ആഴ്ച 668 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 5000 പ്രതിഷേധക്കാര്‍ പൊലീസ് കസ്റ്റഡിയിലുള്ളതായി മനുഷ്യാവകാശ സംഘടനയായ ഒവിഡി ഇന്‍ഫോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

അതേസമയം, റഷ്യയെ പിന്തുണച്ച് സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിൽ പ്രാദേശിക തീവ്ര വലതുപക്ഷ പാർട്ടി റാലി സംഘടിപ്പിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ അംഗത്വം ഔപചാരികമായി ആവശ്യപ്പെട്ടിട്ടും, മോസ്‍കോയുടെ ആക്രമണത്തെ അപലപിക്കുന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തിട്ടും സഖ്യകക്ഷിയായ റഷ്യക്കെതിരായ അന്താരാഷ്ട്ര ഉപരോധത്തിൽ ചേരാൻ സെർബിയ വിസമ്മതിച്ചിരുന്നു. രാജ്യത്തെ പ്രബലമായ ഭരണകൂട നിയന്ത്രിത മാധ്യമങ്ങളില്‍ റഷ്യൻ അനുകൂല റിപ്പോർട്ടുകളാണ് പ്രസി‍ദ്ധീകരിക്കുന്നത്.

Eng­lish Summary:Anti-war agi­ta­tion is strong in Euro­pean countries
You may also like this video

Exit mobile version