സഞ്ചാർ സാഥി പോലെ തൊഴിലാളിവിരുദ്ധ ലേബർ കോഡും കേന്ദ്ര സര്‍ക്കാരിന് പിൻവലിക്കേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൗരന്റെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഒളിഞ്ഞു നോട്ടത്തിന്റെ പുതിയ മുഖമാണ് സഞ്ചാർ സാഥി. ഫാസിസത്തിലേക്കുള്ള അടുത്ത പടിയായിരുന്നു ഇത്. ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തിയപ്പോൾ പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് ഇൻബിൽറ്റായി ഉപയോഗപ്പെടുത്താനുള്ള ഉത്തരവ് കേന്ദ്രത്തിന് പിൻവലിക്കേണ്ടിവന്നു. ബിജെപിയും മോഡിയും തീരുമാനിച്ചാൽ എന്തും നടപ്പാക്കാമെന്ന അഹന്തയാണ് കാർഷിക നിയമത്തിന് പിന്നാലെ വീണ്ടും തകർന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ലേബർ കോഡിൽ ബിജെപി സ്വമേധയാ തിരുത്തലുകൾ നടത്തുമെന്ന് കരുതുന്നില്ല. എന്നാൽ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നാൽ അവർ മുട്ടുമടക്കുമെന്നതുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതിയിൽ സിപിഐയ്ക്കും സിപിഐ(എം)നും ഒരേ അഭിപ്രായമാണുള്ളത്. പാർട്ടി നിലപാട് മറന്ന് ജോൺ ബ്രിട്ടാസ് എം പി പാലമായി കേന്ദ്രമന്ത്രിക്ക് മുന്നിൽ പോവില്ലെന്ന് തനിക്കുറപ്പുണ്ട്. സർവശിക്ഷാ കേരളയുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കാനുള്ള ഫണ്ടിന് വേണ്ടിയാണ് കേന്ദ്രമന്ത്രിയെ കണ്ടതെന്ന് ബ്രിട്ടാസ് തന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെയല്ല ജോൺ ബ്രിട്ടാസിനെയാണ് തനിക്ക് വിശ്വാസമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ തിളക്കമുള്ള വിജയം നേടും. നഗരസഭകളിൽ ഉൾപ്പെടെ ഇടതുപക്ഷം മേൽക്കൈ നേടും. എല്ലാ തലങ്ങളിലും എൽഡിഎഫ് വിജയം സുനിശ്ചിതമാണെന്ന തിരിച്ചറിവാണ് യുഡിഎഫിനെയും ബിജെപിയെയും നെറികെട്ട രാഷ്ട്രീയം പയറ്റാൻ പ്രേരിപ്പിക്കുന്നത്. പഴയ ബേപ്പൂർ, വടകര മോഡൽ സഖ്യം പൊടിതട്ടിയെടുത്തിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് പറയാൻ കമ്യൂണിസ്റ്റ് പാർട്ടിക്കും എൽഡിഎഫിനും മടിയില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാന്ദി കുറിക്കുന്നതായി ഈ തെരഞ്ഞെടുപ്പ് വിജയം മാറും. പരിപൂർണ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമ്പൂർണമായ എൽഡിഎഫ് ഐക്യമാണ് സുനിശ്ചിതമായ എൽഡിഎഫ് വിജയത്തിന്റെ പ്രധാന ഘടകം. ശക്തമായ രാഷ്ട്രീയ നയത്തിന്റെ അടിത്തറയിൽ രൂപപ്പെട്ടതാണ് ഈ ഐക്യം. ഇതേ സമയം കോൺഗ്രസ് ഒരു ചതുർമുഖ പാർട്ടിയാണ്. അവിടെ പാർട്ടിക്കുള്ളിൽ തന്നെ പാർട്ടിയുണ്ട്. ഓരോ വിഷയത്തിലും മിനിമം നാല് അഭിപ്രായമെങ്കിലും ആ പാർട്ടിക്ക് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി വരുന്നത് സ്ഥിരം സംഭവമാണ്. കേരളത്തിലുണ്ടായ വികസനം കണ്ടിട്ടാണ് കേന്ദ്രം കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് കാലത്ത് ഇഡിയെ അയയ്ക്കുന്നത്. ഇഡിയെ ഇറക്കിയിട്ടൊന്നും കേരളത്തിൽ ജയിക്കാമെന്ന് ബിജെപി കരുതേണ്ട. അർഹതപ്പെട്ട ആനുകൂല്യങ്ങൾക്ക് വേണ്ടിയാണ് കേരളം കേന്ദ്രത്തോട് പോരാട്ടം നടത്തുന്നത്. കേരളത്തെപ്പോലെ പ്രബുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള സംസ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പോലുള്ള കാര്യങ്ങൾ ചർച്ചയാകുന്നതിൽ ഖേദമുണ്ട്. പ്രണയം മഹത്വരമാണ്. എന്നാൽ പ്രണയത്തിന്റെ പേരിൽ സ്ത്രീത്വം അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നത് വേദനാജനകമാണ്. കോൺഗ്രസിലെ മാഫിയാസംഘം പ്രണയത്തെപ്പോലും മലീമസമാക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയുമാണ്. അപകടകരമായ രീതിയിൽ മാഫിയാസംസ്ക്കാരം ശക്തിപ്പെടുന്നത് കോൺഗ്രസിന്റെ നാശത്തിന് വഴിയൊരുക്കും. ഇക്കാര്യം കോൺഗ്രസ് പ്രാധാന്യത്തോടെ കാണണം. മാഫിയാ സംസ്ക്കാരത്തിന് കളമൊരുക്കുന്നവർക്ക് ഇത്രയും പണം ആര് നൽകുന്നു എന്ന കാര്യവും കോൺഗ്രസ് അന്വേഷിക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസും പങ്കെടുത്തു.
തൊഴിലാളിവിരുദ്ധ ലേബർ കോഡും പിൻവലിക്കേണ്ടിവരും: ബിനോയ് വിശ്വം

