കോഴികളിലടക്കം വ്യാപകമായി നടത്തുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഗവേഷകർ. നിയമപരമായുള്ള ഒരു നിയന്ത്രണവും പാലിക്കാതെ കച്ചവടലാഭം മാത്രം മുന്നിൽക്കണ്ടുള്ള ഇത്തരം മരുന്നുപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ഇന്ത്യയിൽ ആന്റിബയോട്ടിക് മരുന്നുകളുടെ ചികിത്സയെ അത് സാരമായി ബാധിച്ചേക്കാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കോഴികളിൽ ആന്റിബയോട്ടിക് മരുന്നുകൾ യഥേഷ്ടം കുത്തിവച്ച് രോഗപ്രതിരോധശേഷി ഉണ്ടാക്കുക വഴി ഇറച്ചിക്കോഴി വ്യാപാരമേഖലയെ ശാക്തീകരിക്കുന്നുണ്ടെങ്കിലും മനുഷ്യന്റെയും മറ്റു ജീവികളുടെയും ആരോഗ്യത്തിന് വലിയ ദോഷഫലങ്ങളാണ് സംഭവിക്കുന്നതെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
നേരത്തെതന്നെ മധ്യ, തെക്കേ ഇന്ത്യയിൽ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എഎംആർ) കൂടുന്നുണ്ടെന്ന സൂചന ശാസ്ത്രജ്ഞർ നൽകിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ കേരളത്തിലെയും തെലങ്കാനയിലെയും കോഴികളിൽ നടത്തിയ പഠനങ്ങളിലെ എഎംആർ ജീൻ പ്രൊഫൈലുകൾ സ്ഥിരീകരിക്കുന്നത്. നിരവധി ഫാമുകളിൽ നടത്തിയ പഠനങ്ങളിൽ 169 എഎംആർ ജീനുകളെ ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുകയുണ്ടായി. വിസർജ്യത്തിലൂടെ അപകടകാരികളായ ഇത്തരം ബാക്ടീരിയകൾ പരിസ്ഥിതിയിൽ തിരിച്ചെത്തുകയും ആഹാരശൃംഖലയുടെ ഭാഗമാകുകയും ചെയ്യുന്നുണ്ട്. ഹൈദരബാദ് ഐഎസിഎംആർ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലെ മലയാളി ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തിലുള്ള സംഘം കോഴികളുടെ വിസർജ്യത്തിൽ നടത്തിയ പഠനങ്ങളാണ് അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് വിരൽചൂണ്ടുന്നത്. ഐസിഎംആറിലെ ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഈ പഠനം അടുത്തയിടെ ഒരു അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അജ്മൽ അസീം, പ്രാർത്ഥി സാഗർ, എൻ സംയുക്തകുമാർ റെഡ്ഡി എന്നിവരാണ് ഗവേഷകസംഘത്തിലുള്ളത്.
പാകം ചെയ്ത ഇറച്ചി കഴിക്കുന്നതുകൊണ്ട് ഭക്ഷണത്തിലൂടെ ബാക്ടീരിയകൾ നേരിട്ട് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നുണ്ടെങ്കിലും കോഴികളുടെ വിസർജ്യത്തിലൂടെ അവ ആഹാരശൃംഖലയിലും പരിസ്ഥിതിയിലും വ്യാപിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞർ നൽകുന്നത്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മൃഗങ്ങളിലും മനുഷ്യരിലും ഒരുപോലെ നിയന്ത്രിക്കണമെന്ന സുപ്രധാനമായ മുന്നറിയിപ്പാണ് ഐസിഎംആർ നൽകുന്നത്. മരുന്നുകളെ അതിജീവിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെ ആഹാരശൃംഖലയിൽ നിന്ന് പുറംതള്ളുന്നതിന് ആന്റിബയോട്ടിക് ഔഷധങ്ങളുടെ ഉപയോഗം ശക്തമായി നിയന്ത്രിക്കുകയല്ലാതെ വഴിയില്ലെന്ന് പഠനങ്ങളെ മുൻനിർത്തി ഗവേഷകർ അടിവരയിടുന്നു.
യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കോഴി അവശിഷ്ടങ്ങളുണ്ടാക്കുന്ന പൊല്ലാപ്പിന്റെ വ്യാപനം ഇന്ത്യയിൽ കുറവാണെങ്കിലും ഇപ്പോൾത്തന്നെ നിയന്ത്രണം ശക്തമാക്കിയാൽ ഭാവിയിൽ ആരോഗ്യമേഖലയുടെ ഉറക്കം കെടുത്താൻ പോന്ന എഎംആർ ജീനുകളുടെ ഭീഷണി മറികടക്കാൻ കഴിയുമെന്ന് ഷോബി വളേരി വ്യക്തമാക്കി. വിശാലമായ അർത്ഥത്തിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വിഭാവനം ചെയ്ത വൺ ഹെൽത്ത് നയം നടപ്പാക്കണം. ഇറച്ചിക്കോഴി വർജനമല്ല മറിച്ച് ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗം ചെറുക്കുകയാണ് ലക്ഷ്യമെന്നും, ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കോഴികൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നതിനുള്ള ബോധവൽക്കരണമാണ് ഐസിഎംആർ പഠനങ്ങളുടെ ആകെത്തുക എന്നും ഷോബി പറഞ്ഞു.