Site iconSite icon Janayugom Online

വിദേശത്തുനിന്ന് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കാം

വിദേശത്തിരുന്ന് ഇന്ത്യയിൽ ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികളിൽ കേസിന്റെ സ്വഭാവം പരിഗണിച്ച് തീരുമാനം എടുക്കുമെന്ന് ഹൈക്കോടതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം വിദേശത്തേക്ക് കടക്കുന്നവർ അവിടെയിരുന്ന് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിരീക്ഷണം.

ഇത്തരം ഹർജികൾ കോടതികൾക്ക് പരിഗണിക്കാം, എന്നാൽ പ്രതി അന്വേഷണവുമായി സഹകരിക്കാനുള്ള സാധ്യതയും നാട്ടിലേക്ക് വരാനാകുമോ എന്നതടക്കമുള്ള കാര്യങ്ങളും പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയം ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ച് കൂടുതൽ വിശദമായ പരിശോധനക്കായി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു. 

വിദേശത്തിരുന്ന് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജിയിൽ ഇടക്കാല ജാമ്യത്തിന് അർഹതയുണ്ടോ, അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ പ്രതിയുടെ അറസ്റ്റ് വിലക്കാനാകുമോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എസ് എം ഷാഫി കേസിൽ വിദേശ രാജ്യത്തെ ചാരുകസേരയിൽ ഇരുന്ന് ഫയൽ ചെയ്യുന്ന ജാമ്യ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടത്. എന്നാൽ വിജയ് ബാബുവിന് എതിരായ കേസിൽ വിദേശത്തിരുന്നും മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്യാമെന്നും അന്തിമവാദം നടക്കുമ്പോൾ ഹർജിക്കാരൻ സ്ഥലത്തുണ്ടായാൽ മതിയെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.

Eng­lish Sum­ma­ry: Antic­i­pa­to­ry bail appli­ca­tions filed from abroad may be considered

You may also like this video

Exit mobile version