Site iconSite icon Janayugom Online

കുരങ്ങുപനി ലക്ഷണങ്ങള്‍ക്ക് ആന്റി വൈറല്‍ മരുന്നുകള്‍ ഫലപ്രദം; പഠനം പുറത്ത്

ചില ആന്റി വൈറല്‍ മരുന്നുകള്‍ക്ക് കുരങ്ങുപനിയുടെ ലക്ഷണങ്ങളെ കുറയ്ക്കുവാനുള്ള കഴിവുണ്ടെന്ന് ലാന്‍സെറ്റ് പഠനം. 2018നും 2021 നും ഇടയിൽ യുകെയിൽ അപൂർവ വൈറൽ രോഗം കണ്ടെത്തിയ ഏഴ് രോഗികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

രണ്ട് വ്യത്യസ്ത ആന്റി വൈറൽ മരുന്നുകളായ ബ്രിൻസിഡോഫോവിർ, ടെകോവിരിമാറ്റ് എന്നീ മരുന്നുകളുടെ ആദ്യ ഉപയോഗത്തോടുള്ള രോഗിയുടെ പ്രതികരണവും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബ്രിൻസിഡോഫോര്‍ ഉപയോഗിക്കുന്നത് കൊണ്ട് ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ടെക്കോവിരിമാറ്റിന്റെ സാധ്യതകളെക്കുറിച്ചുള്ള കൂടുതൽ ഗവേഷണം ആവശ്യമാണ്. രക്തത്തിലും തൊണ്ടയിലെ സ്രവങ്ങളിലും കുരങ്ങുപനി വൈറസ് കണ്ടെത്തിയതായും ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു.

കുരങ്ങുപനിയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും ചികിത്സാരീതികളും സംബന്ധിച്ച പഠനവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രോഗത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രോഗവ്യാപനം പ്രതിരോധിക്കാന്‍ സഹായകകരമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും വടക്കേ അമേരിക്കയിലും യൂറോപ്പിലും കുരങ്ങുപനി പൊട്ടിപ്പുറപ്പെടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തിവരുകയാണെന്ന് യുകെയിലെ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മേധാനി ഹൂഗ് ആഡ്ലര്‍ പറഞ്ഞു.

കുരങ്ങുപനിക്ക് അംഗീകൃത ചികിത്സാരീതികള്‍ നിലവില്‍ ഇല്ല. ചുരുങ്ങിയ കാലയളവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവ് അഞ്ച് മുതല്‍ 21 ദിവസം വരെയാണ്. വസൂരിക്ക് ഉപയോഗിക്കുന്ന ബ്രിൻസിഡോഫോവിർ, ടെകോവിരിമാറ്റ് മരുന്നുകള്‍ മൃഗങ്ങളിലെ കുരങ്ങുപനി ഭേദമാക്കാന്‍ സഹായിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ പഠനങ്ങള്‍ക്ക് ഏറെ പരിമിതികളുള്ളതായി ഗവേഷകര്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. സാമ്പിളുകളുടെ എണ്ണത്തിലുള്ള കുറവും പ്രാഥമിക പഠനമാണെന്നതും ഇതിന്റെ പ്രധാന പരിമിതിയാണ്.

Eng­lish Sum­ma­ry: Antivi­ral drugs effec­tive for mon­key­pox symptoms
You may also like this video

Exit mobile version