Site icon Janayugom Online

നിര്‍മ്മാതാവിനെ പറ്റിച്ചെന്ന ആരോപണം, തന്റെ കുടുംബത്തെ ആളുകള്‍ പരിഹസിക്കുന്നു; പ്രതികരണവുമായി ആന്റണി വര്‍ഗീസ്

antony peppe

നിര്‍മ്മാതാവിനെ പറ്റിച്ചെന്ന സംവിധായകന്‍ ജൂഡ് ആന്റണിയുടെ ആരോപണത്തിന് വിശദീകരണവുമായി നടന്‍ ആന്റണി വര്‍ഗീസ്. തന്റെ വീട്ടുകാരെക്കൂടി വലിച്ചിഴച്ചതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് ആന്റണി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയതായും, നിര്‍മ്മാതാവിനെ പറ്റിച്ച പണം കൊണ്ടാണ് തന്റെ അനിയത്തിയുടെ വിവാഹം നടത്തിയതെന്നുമുള്ള ജൂഡിന്റെ ആരോപണത്തില്‍ കുടുംബത്തിന് വിഷമമായെന്നും ആന്റണി പെപ്പെ പറഞ്ഞു. തന്റെ അമ്മ ജൂഡ് ആന്റണിയ്‌ക്കെതിരേ കേസ് നല്‍കിയിട്ടുണ്ടെന്നും ഒരമ്മയ്ക്കും സഹിക്കാനാകാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നും ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

ആന്റണി വര്‍ഗീസിന്റെ പ്രതികരണം

എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്‌നമില്ല. അതുകൊണ്ടായിരുന്നു മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ അനുജത്തിയുടെ വിവാഹം സിനിമയുടെ അഡ്വാന്‍സ് തുക കൊണ്ടാണ് നടത്തിയത് എന്നൊക്കെ പറയുമ്പോള്‍ അത് സഹിക്കാന്‍ പറ്റില്ല. എന്റെ മാതാപിതാക്കള്‍ക്കെല്ലാം വലിയ വിഷമമായി. കാര്യം അവര്‍ സമ്പാദിച്ച പണം കൊണ്ടാണ് മകളുടെ വിവാഹം നടത്തിയത്. എന്റെ ഭാര്യയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ ഒരുപാട് കമന്റുകളാണ് വരുന്നത്. അതുകൊണ്ടു മാത്രമാണ് പ്രതികരിക്കാമെന്ന് കരുതിയത്. ”ഞാന്‍ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാന്‍ തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവല്‍ വച്ച് പോകാന്‍ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം. സിനിമയുടെ സെക്കന്റ് ഹാഫില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്‍മാറിയത്. മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് സംഘടനകള്‍ വഴി പ്രശ്‌നം പരിഹരിച്ച കാര്യമാണ്. ഇപ്പോള്‍ എന്തിനാണ് ഇത് ഉയര്‍ത്തികൊണ്ടുവന്നത്. ജൂഡ് ആന്റണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാന്‍ പോകുന്ന നിര്‍മാതാക്കള്‍ എന്ത് വിചാരിക്കും. ഒരാള്‍ക്ക് വിജയം ഉണ്ടാകുമ്പോള്‍ അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ എല്ലാവരും ഉണ്ടാകും. ജൂഡ് ആന്റണി എന്റെ ഇപ്പോള്‍ ആര്‍ഡിഎക്‌സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന സംവിധായകന്റെ സിനിമയെക്കുറിച്ച്‌ ഇങ്ങനെയാണോ പറയുന്നത്. എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ശരി കഴിവുണ്ടാകില്ല, പക്ഷേ ഞാന്‍ സ്വപ്‌നങ്ങളെ പിന്തുടരുന്ന വ്യക്തിയാണ്. എനിക്ക് ആ ബോധ്യം മതി. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല. ജൂഡ് ആന്റണി ഭൂമിയില്‍ നിന്ന് പെട്ടന്ന് പൊട്ടിമുളച്ചുണ്ടായതല്ലല്ലോ. അദ്ദേഹത്തിന് ഒരു നിര്‍മാതാവ് അവസരം നല്‍കിയത് കൊണ്ടാണ് സിനിമയിലെത്തിയത്” ആന്റണി വര്‍ഗീസ് പറഞ്ഞു.

You may also like this video

Exit mobile version