Site icon Janayugom Online

ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് രാജിവെച്ചു

antony perumbavoor

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. ഫിയോക്ക് ചെയര്‍മാന്‍ ദിലീപിനാണ് ആന്റണി രാജിക്കത്ത് കൈമാറിയത്. ഫിയോക്ക് വൈസ് പ്രസിഡന്റായിരുന്നു ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ ഒ.ടി.ടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആന്റണി രാജിക്കത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മരക്കാര്‍ ഒ.ടി.ടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം ‘മോഹന്‍ലാല്‍ സാറുമായുമാണ്,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുവാന്‍ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്‍ മുന്നോട്ടുവെച്ചെന്നാണ് റിപ്പോര്‍ട്ട്. ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തി. റിലീസ് സമയം ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ മരക്കാര്‍ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.

 

Eng­lish Sum­ma­ry: Antony Perum­bavoor resigns from the­ater own­ers’ association

 

You may like this video also

Exit mobile version