Site iconSite icon Janayugom Online

താന്‍ നിരപരാധി ; കോടതികളില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ആന്റണി രാജു

തൊണ്ടിമുതല്‍ തിരിമറി കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിന് പിന്നാലെ കേസില്‍ താന്‍ നിരപരാധിയാണെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്‍റണി രാജു. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോടതികളില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് താന്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിയെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു .

തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നതാണ് തന്റെ ആത്മവിശ്വാസമെന്ന് ആന്റണി രാജു പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. 2002ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായ കാലത്ത് താന്‍ നിരപരാധിയാണെന്ന അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2006ല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പുനരന്വേഷണത്തിന് ഉത്തരവിട്ട് മൂന്ന് മാസത്തിനുള്ളില്‍ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച അന്നുമുതല്‍ താനോ, വക്കീലോ കോടതിയില്‍ ഹാജരാകാതിരുന്നിട്ടില്ല. കേസിനെ നിയമപരമായി നേരിടും. നിരപരാധികളില്‍ എത്രയോ പേര്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നുണ്ടെന്നും കോടതി വിധിക്ക് പിന്നാലെ ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷ പിന്നീട് വിധിക്കും. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് കേസില്‍ ഒന്നാം പ്രതി കെഎസ് ജോസും രണ്ടാം പ്രതിയായ ആന്റണി രാജുവും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.

1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊന്‍പത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയില്‍ നിന്ന് നീക്കിയിരുന്നു ഒഴിവാക്കിയിരുന്നു.

Antony Raju says he is inno­cent; this is the lat­est exam­ple of how inno­cent peo­ple are pun­ished in courts

Exit mobile version