Site iconSite icon Janayugom Online

അനുരാഗഗാനം പോലെ

Vijisha VijayanVijisha Vijayan

അച്ഛനും ഞാനും വലിയ ജനറേഷൻ ഗ്യാപ് ഉണ്ട്. എന്നാലും അച്ഛന്റെ ചിന്തകളോടൊപ്പം സഞ്ചരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പഴയ കാല പാട്ടുകളെക്കുറിച്ചും ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളെക്കുറിച്ചും അച്ഛൻ പറഞ്ഞു തുടങ്ങുമ്പോൾ എല്ലാവരും ഇരിപ്പിടത്തിൽ നിന്നും മെല്ലെ നടന്ന് നീങ്ങും. ഞാൻ കേട്ടിരിക്കും. വയലാറും ദേവരാജനും പ്രേംനസീറും സത്യനും ഷീലയും എന്റെ ബാല്യത്തെയോ കൗമാരത്തെയോ പുളകപ്പെടുത്തിയിട്ടില്ലെങ്കിലും അവരെയൊക്കെ എനിക്ക് അറിയാമായിരുന്നു. എന്നോ വാഴ് വേമായവും കള്ളിച്ചെല്ലമ്മയും ചെമ്മീനുമൊക്കെ കണ്ടതോർക്കുന്നു. ‘സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ…’ എന്ന പാട്ട് ‘എനിക്കിഷ്ടമായിരുന്നു. പാട്ടുകൾക്കെപ്പോഴും ദുഃഖം കലരുമ്പോഴാണ് ആസ്വാദനത്തിന്റെ സാധ്യത വർധിക്കുന്നതെന്ന അഭിപ്രായക്കാരിയാണ് ഞാൻ. വയലാർ തന്റെ ആദ്യഭാര്യയ്ക്ക് വേണ്ടി എഴുതിയതാണ് അതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഗാനങ്ങളുടെ പിന്നാമ്പുറകഥകളും, കഥകളുടെ പിന്നാമ്പുറകാഴ്ച്ചകളും തെരഞ്ഞു പിടിച്ച് വായിക്കുക എന്റെ വിനോദമാണ്. മറ്റൊരു ഗാനമുണ്ട്. കെപിഎസി ലളിത സുന്ദരിയായി ഓടിച്ചാടിപ്പാടിയ ‘കല്ല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്…’ നീലാംബരി രാഗത്തിന്റെ മനോഹാരിതയിൽ മാധുരി പാടുമ്പോൾ കൂടെയൊന്നാടാൻ തോന്നാറുണ്ട്. സ്വർണമുകിലിനോട് സ്വപ്നം കാണാറുണ്ടോ എന്ന് ചോദിക്കാൻ തോന്നാറുണ്ട്. ചുരുണ്ടമുടിയുള്ള വെളുത്ത പെണ്ണിനെ കെട്ടണമെന്ന് പറഞ്ഞ് അമ്മയെക്കെട്ടിയ അച്ഛൻ നല്ല സൗന്ദര്യബോധമുള്ള മനുഷ്യനായിരുന്നു. അച്ഛന് ഇഷ്ടപ്പെട്ട നായിക ജയഭാരതിയായിരുന്നു.

 

 

“അതെന്താ ഷീലയെ ഇഷ്ടല്ലാത്തെ? ” ഞാൻ ചോദിക്കും. “ഷീലയേക്കാൾ അക്കാലത്തൊക്കെ ആണുങ്ങളുടെ പ്രിയപ്പെട്ട നായിക ജയഭാരതിയായിരുന്നു, പിന്നെ വിജയശ്രീ ” ആയിരം പാദസരങ്ങൾ എന്ന് ടിവിയിൽ യേശുദാസ് പാടാൻ തുടങ്ങിയാൽ ദർബാരികാനഡ രാഗം വീട്ടിലൊഴുകും. ‘ഈറനായ നദിയുടെ മാറിൽ ഈ വിടർന്ന നീർക്കുമിളകളിൽ’.. എന്ന് പാടിപ്പാടി ‘ഒന്ന് ചിരിക്കൂ ഒരിക്കൽക്കൂടി’ എത്തിയാലേ പാട്ട് അവസാനിക്കൂ. ‘കെ ജെ യേശുദാസോ, കെ വിജയനോ ആരെങ്കിലും ഒരാൾ പാടിയാൽ മതിയേ“എന്ന് പറഞ്ഞു ഞങ്ങൾ കൈകൂപ്പും. കെ വിജയൻ പാട്ട് തുടരും. അന്നൊക്കെ ദൂരദർശനിൽ നാടകഗാനങ്ങൾ ഉണ്ടാവുമായിരുന്നു. സായിക്കുമാറാണ് അവതാരകൻ. നാടകങ്ങളെക്കുറിച്ച് സായികുമാർ വാചാലനാകും ചക്കരപ്പന്തൽ എന്നോ മറ്റോ ആണ് പേര്. ശേഷം ‘അമ്പിളിയമ്മാവാ താമരകുമ്പിളിലെന്തുണ്ട്’, എന്ന പാട്ട് വരും. എ പി കോമളയും ഉദയഭാനുവും സുലോചനയും സി ഓ ആന്റോയുമൊക്കെ കഥകളിൽ നിറയും. അന്നത്തെ കുഞ്ഞു ബുദ്ധിയിൽ അർഥം ചെറുതായി മനസ്സിലായ ഒരു ഗാനമുണ്ടായിരുന്നു. ‘പാമ്പുകൾക്ക് മാളമുണ്ട് പറവൾക്കാകാശമുണ്ട് മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല ’ എന്തൊരു യാഥാർഥ്യം തുളുമ്പുന്ന വരികളാണത് എന്നറിയാൻ കുറച്ച് കൂടി ബുദ്ധി ഉദിക്കേണ്ടി വന്നു. ‘തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി ’ എന്ന് കേൾക്കുമ്പോൾ ഏതോ കവിത കേൾക്കുന്ന പ്രതീതിയാവും. ഇടയ്ക്കൊക്കെ സായികുമാറും പാടും. ‘മധുരിക്കും ഓർമ്മകളെ മലർമഞ്ചൽ കൊണ്ടുവരൂ കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ… മാഞ്ചുവട്ടിൽ.

‘നമുക്കും മാഞ്ചുവട്ടിലേക്ക് പോകാൻ തോന്നും. അച്ഛൻ കെപിഎസി നാടകങ്ങളിലേക്ക് വിഷയം നീട്ടും. സ്കൂളിൽ നിന്നും സംസ്കൃതം ടീച്ചർ പറഞ്ഞു തന്ന കർണഭാരം എന്ന മോഹൻലാലിന്റെ നാടകത്തെക്കുറിച്ച് ഞാൻ തിരിച്ചും ക്ലാസെടുക്കും. ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ’ പാടുമ്പോഴാണ് അച്ഛൻ ജി ദേവരാജനെക്കുറിച്ച് പറഞ്ഞുതന്നതും പാട്ടുപഠിക്കാൻ മോഹിച്ച് ഏതോ പാട്ടു ക്ലാസിൽ ചേർന്നതിന്റെ ഓർമ്മക്കെട്ട് അഴിച്ചത്. ‘സരിഗമപധനിസ’ ‘സനിധപമഗരിസ’ എന്ന് ആരോഹണവും അവരോഹണവും കുറേ രാഗങ്ങളും എഴുതിവച്ച കുഞ്ഞു പുസ്തകം സ്വകാര്യമായി കാണിച്ച് തന്നതും. കുറേക്കാലം അതവിടെ നിധി സൂക്ഷിപ്പെന്നോണം കാത്തുവച്ചിരുന്നു. ആരും പ്രോത്സാഹനം കൊടുക്കാതെ അച്ഛന്റെ പാട്ടുവേരുകൾ അങ്ങനെ അറ്റുവീണു. തനിക്ക് ചെയ്യാനാവാത്തത് മക്കളിലൂടെ സാക്ഷാത്ക്കരിക്കുക എന്ന ഏതൊരു രക്ഷകർത്താവിനുമുള്ള പല സ്വപ്നം ആദ്യത്തെ കൊച്ചായ എന്റെ ശബ്ദം കേട്ടതിൽപ്പിന്നെ അച്ഛൻ ഉപേക്ഷിച്ചുകാണും. ഗജപോക്കിരിയായി പാട്ടും പാടി ഏതോ മുസ്‌ലിം പെണ്ണിന്റെ തട്ടം വലിച്ചതും അവളുടെ ഉപ്പ പരാതിയുമായി വന്നതും സമാധാനചർച്ചയ്ക്ക് പോയതും അച്ഛമ്മ രഹസ്യം പറഞ്ഞു തന്നത് എന്റെ കയ്യിൽ ഭദ്രമായിട്ടുണ്ട്. അന്നൊക്കെ വീട്ടിൽ രണ്ടു വലിയ കാബിനിൽ പാട്ട് വച്ചിരുന്നു. ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിന് വിലക്കുണ്ടായിരുന്നു.

വലിയ ശബ്ദത്തിൽ ചിരിക്കാൻ കഴിയാത്തതും കാലിന് മേലെ കാലുകയറ്റി വച്ച് ഇരിക്കാൻ വയ്യാത്തതും പ്രായത്തിനു മുതിർന്ന ഏതൊരു ആണിനെ കണ്ടാലും അറിയാതെ എഴുന്നേറ്റു നിൽക്കാൻ ഇന്നും പ്രേരിപ്പിക്കുന്നതും കുഞ്ഞുനാളിലെ ചിട്ടവട്ടങ്ങളുടെ ബാക്കിപത്രമാണ്. പതിഞ്ഞ സ്വരത്തിൽ പാട്ടിനോടൊപ്പം പാടുക എന്നതായിരുന്നു അച്ഛന്റെ ഹോബി. ചിലപ്പോഴൊക്കെ പാടുന്ന പാട്ടാണ് ‘ഓത്തു പള്ളീലന്നു നമ്മള് പോയിരുന്ന കാലം. ’ ഒരുദിവസം വലിയ സന്തോഷത്തിൽ എന്നോട് വന്നു പറഞ്ഞു ‘എടീ ഞാനിന്ന് വി ടി മുരളിയെ കണ്ടു. കുറേ സംസാരിച്ചു. ന്റെ മോള് എഴുതുംന്നൊക്കെ പറഞ്ഞു’ ഈയടുത്ത് ഒക്ടോബർ ഇരുപത്തേഴിന് വയലാർ ദിനത്തിന്റെ അന്ന് രാവിലെ ഞാൻ അച്ഛനെ വിളിച്ചു. ‘വയലാറിന്റെ ഏത് പാട്ടാ ഇഷ്ടം വേം പറ’ ‘നദിയിലെ’. ഏത്? ‘ആയിരം പാദസരങ്ങൾ…’ പിന്നേം കൊറേ ഉണ്ട്. സിഗരറ്റ് പേപ്പറിൽ അദ്ദേഹം പാട്ടെഴുതിയ കഥ നീ കേട്ടിട്ടില്ലേ? ദേശീയ അവാർഡ് കിട്ടിയ പാട്ടിന്റെ ‘ആ എനിക്കറിയാം’. തിരക്കായോണ്ട് ഞാൻ ഫോൺവച്ചു. അന്ന് രാത്രി വി ടി മുരളിയോട് ഞാൻ ഫോണിൽ ആദ്യമായി സംസാരിച്ചു. അഹങ്കാരമൊന്നുമില്ലാത്ത വലിയൊരു മനുഷ്യൻ. എൺപത്തഞ്ചിലെ ‘മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന’ സ്വരത്തിനെ പ്രായം അല്പമൊന്നു തൊട്ടുരുമ്മിയിട്ടുണ്ട്. വല്ലാത്ത സന്തോഷം തോന്നി. പാട്ടുകളുടേത് വല്ലാത്തൊരു മാസ്മരിക ലോകമാണ്.

പുതിയ സംഗീതത്തിന്റെ വഴികളിലേക്കാണ് പ്രായത്തിന് ചായ്‌വെങ്കിലും പഴയതിലേക്ക് വഴിയൊന്നു മാറി നടക്കാൻ ഒട്ടും മടിയില്ല. അർത്ഥവ്യാപ്തിയുള്ള എത്രയെത്ര വരികളാണ് ഓരോ ഗാനങ്ങളിലും. ഒരു മൈക്രോ സെക്കന്റ് കണ്ണടച്ച് തുറക്കുമ്പോഴേക്കും ഓർമ്മയാകുന്ന, ട്രെൻഡ് മാറുന്ന ഈ ലോകത്തിൽ ഇക്കാലത്തും ‘അനുരാഗഗാനം പോലെ’ എന്ന് നാം പാടുന്നുണ്ടെങ്കിൽ, പ്രേമസർവസ്വമേ എന്ന് മൂളുന്നുണ്ടെങ്കിൽ അവയുടെ പ്രത്യേകത ഒന്നുകൊണ്ട് മാത്രമാണ്. പുതിയ പാട്ടുകൾക്ക് പഴയകാല ഗാനങ്ങളുടെ ഗരിമയില്ലെന്ന് അച്ഛൻ കുറ്റപ്പെടുത്തും. വയലാറിനെപ്പോലെ ഇനിയൊരാൾ ഉണ്ടാവില്ലെന്നും. ചില നേരങ്ങളിൽ ശ്രീകുമാരൻ തമ്പി ഫാൻ ആകും. അദ്ദേഹത്തിന്റെ പഴയ ചില വാശിയുടെ കഥകൾ. പഴയ പാട്ടുകൾ എത്രത്തോളം എനിക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ട് എന്നറിയില്ല. പക്ഷേ അവയെ ജീവനോളം സ്നേഹിച്ച ഒരു സാമീപ്യം അരികിലുള്ളപ്പോൾ എങ്ങനെയാണ് ഞാൻ ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയാതിരിയ്ക്കുക?

You may like this video also

Exit mobile version