നിലമ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളെയും, ഇടതുപക്ഷത്തെയും വഞ്ചിച്ചയാളാണ് പി വി അന്‍വറെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിപ്പോയതെന്നും ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വി വി പ്രകാശിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചു. അതിലുണ്ടായ മനഃപ്രയാസമാണ് പ്രകാശന്റെ മരണത്തിന് കാരണമായതെന്നും ജയരാജന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
വഞ്ചനയ്‌ക്കേതിരേ ബാലറ്റിലൂടെ മറുപടികൊടുത്ത പാരമ്പര്യമാണ് നിലമ്പൂരിനുള്ളതെന്ന് ജയരാജന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഈ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദേശീയപാര്‍ട്ടിയാണ് എന്ന ലെറ്ററുണ്ടല്ലോ, ഓതറൈസേഷന്‍ ലെറ്ററാണ് അത്. അത് ഇവിടെ കൊടുക്കണ്ടേ?. ഒരു നോമിനേഷന്‍ പോലും പൂരിപ്പിക്കാന്‍ കഴിയാത്ത തൃണമൂല്‍, എങ്ങനെയാണ് അൻവറിനെ സ്വീകരിക്കാന്‍ പോകുന്നത്. അന്‍വര്‍ ആദ്യം എല്‍ഡിഎഫ് വിട്ടു, അത് വഞ്ചിച്ചിട്ടാണ്. യുഡിഎഫില്‍ പോകാന്‍ നോക്കി. കാലുപിടിച്ചു, അദ്ദേഹം തന്നെ പറഞ്ഞതാണ്, ജയരാജന്‍ പറഞ്ഞു.. തിരഞ്ഞെടുപ്പില്‍ എം. സ്വരാജ് ജയിക്കുമെന്നും നിലമ്പൂരില്‍ എല്‍ഡിഎഫ് വികസനത്തുടര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു.

