Site iconSite icon Janayugom Online

ഗ്രീൻലാൻഡിനെതിരായ ഏതൊരു യുഎസ് ആക്രമണവും നാറ്റോ സഖ്യത്തിൻ്റെ അന്ത്യം കുറിക്കും; താക്കീതുമായി ഡെൻമാർക്ക്

ഗ്രീൻലാൻഡിന് മേൽ അവകാശവാദമുന്നയിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഡാനിഷ് പ്രതിരോധ മന്ത്രാലയം. ഗ്രീൻലാൻഡിനെ ആക്രമിക്കാൻ മുതിർന്നാൽ അമേരിക്ക വിവരമറിയുമെന്നും, സൈനികർ ആദ്യം വെടിവെച്ചതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ ചോദിക്കുകയുള്ളൂവെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനിൽക്കാതെ തന്നെ ആക്രമണകാരികളെ നേരിടാൻ സൈനികർക്ക് അധികാരം നൽകുന്ന 1952ലെ നിയമം നിലനിൽക്കെയാണ് ഡെൻമാർക്കിന്റെ ഈ പ്രതികരണം.

ആർട്ടിക് മേഖലയിലെ സുരക്ഷാ മുൻഗണനകൾ കണക്കിലെടുത്ത് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി പ്രയോഗിക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. ആർട്ടിക് ദ്വീപ് സുരക്ഷിതമാക്കുന്നതിൽ ഡെൻമാർക്ക് പരാജയപ്പെട്ടുവെന്നും ഇതിനായി ട്രംപ് എന്തും ചെയ്യാൻ തയ്യാറാണെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വ്യക്തമാക്കിയിരുന്നു. എന്നാൽ ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്ന ഉറച്ച നിലപാടിലാണ് ഡെൻമാർക്ക് ഭരണകൂടം.

അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിഷയം തണുപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രംപ് ദ്വീപ് വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും സൈനിക നടപടിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ഡാനിഷ്, ഗ്രീൻലാൻഡ് അധികൃതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈ ചർച്ചയെ ഡെൻമാർക്ക് സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, ഗ്രീൻലാൻഡിന് നേരെയുള്ള ഏതൊരു നീക്കവും നാറ്റോ സഖ്യത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ മുന്നറിയിപ്പ് നൽകി.

Exit mobile version