Site iconSite icon Janayugom Online

കരസേനയ്ക്കും കരുത്താകാന്‍ അപ്പാച്ചെ

ഇന്ത്യന്‍ കരസേനയ്ക്ക് കരുത്തേകാന്‍ അപ്പാച്ചെ ഹെലികോപ്റ്റര്‍ ആദ്യ ബാച്ച് ഈ മാസം രാജ്യത്തിന് സ്വന്തമാകും. 15 മാസത്തെ കാലതാമസത്തിനു ശേഷമാണ് അപ്പാച്ചെ ഇന്ത്യയിലേക്ക് എത്തിച്ചേരുന്നത്. മൂന്ന് ഹെലികോപ്റ്റര്‍ അടങ്ങിയ ആദ്യ ബാച്ച് ഈ മാസം 15ന് എത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നവംബര്‍ അവസാനത്തോടെ ബാക്കി മൂന്ന് ഹെലികോപ്റ്റര്‍ കൂടി ലഭിക്കും. നിലവില്‍ വ്യോമസേന അപ്പാച്ചെ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. 

ലോകത്തിലെ ഏറ്റവും നൂതനമായ മള്‍ട്ടി റോള്‍ കോംമ്പാറ്റ് ഹെലികോപ്റ്ററുകളാണ് എച്ച്-6എഇ അപ്പാച്ചെ. അത്യാധുനിക സെന്‍സറുകള്‍, മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത, ലക്ഷ്യം കാണാനുള്ള കഴിവ് എന്നിവ അപ്പാച്ചെയെ മികച്ചതാക്കുന്നു. 16 അടി ഉയരമുള്ള ഇവയ്ക്ക് മിനിറ്റില്‍ 600–650 റൗണ്ട് വെടിയുതിര്‍ക്കാന്‍ സാധിക്കും. 

2020ലാണ് ആറ് അപ്പാച്ചെ വാങ്ങുന്നതിനായി അമേരിക്കയുമായി ഇന്ത്യ കരാറിലേര്‍പ്പെട്ടത്. 60 ദശലക്ഷം ഡോളറായിരുന്നു കരാര്‍ തുക. മൂന്ന് ഹെലികോപ്റ്ററുകള്‍ 2024 മേയ്-ജൂണ്‍ മാസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ കാലതാമസമുണ്ടാകുകയായിരുന്നു. അപ്പാച്ചെയുടെ വരവ് പ്രതീക്ഷിച്ച് ഒരു വര്‍ഷം മുമ്പ് തന്നെ ജോധ്പൂരില്‍ സൈന്യം സ്ക്വാഡ്രണ്‍ സ്ഥാപിച്ചിരുന്നു. 

Exit mobile version