മഹാരാഷ്ട്രയിലുടനീളമുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി (എപിഎംസി) കളുടെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാവികാസ് അഘാഡി (എംവിഎ) ക്കുണ്ടായ വൻ വിജയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയാണ് നല്കുന്നത്. 2024ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണ് ഈ മിനിതെരഞ്ഞെടുപ്പ് വിജയമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പാർട്ടി ചിഹ്നത്തിലല്ല എപിഎംസി തെരഞ്ഞെടുപ്പെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയിലാണ് സ്ഥാനാർത്ഥികൾ നിരക്കുന്നത്. സംസ്ഥാനത്ത് 306 എപിഎംസികളാണുള്ളത്, അതിൽ 235 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 18 ഇടത്ത് എതിരില്ലാതെയാണ് വിജയമുണ്ടായത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന 147ൽ എംവിഎ പിന്തുണച്ച 89 പേർ വിജയിച്ചപ്പോൾ ബിജെപി-ഷിൻഡെ സഖ്യത്തിന് 48 പേരെയാണ് ജയിപ്പിക്കാനായത്. ബിജെപി — 40, എൻസിപി — 38, കോൺഗ്രസ് ‑32, ഉദ്ദവ് താക്കറെ ഗ്രൂപ്പ് — 11, ഷിൻഡെ വിഭാഗം എട്ട്, സ്വതന്ത്രർ — 18 എന്നിങ്ങനെയാണ് ഇതിലെ കക്ഷിനില. രണ്ടാം ഘട്ടം നടന്ന തെരഞ്ഞെടുപ്പ് ഫലം പൂർത്തിയായി വരുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ മുഴുവൻ കണക്കുകളും ലഭ്യമായിട്ടില്ലെങ്കിലും ഇപ്പോൾ ലഭ്യമായതുവച്ച് വിലയിരുത്തുമ്പോൾ സംസ്ഥാന ഭരണം നടത്തുന്ന ഷിൻഡെ-ബിജെപി സഖ്യത്തിന്റെ സ്ഥിതി ശോചനീയമാണെന്ന് വിലയിരുത്താവുന്നതാണ്.
ഇതുകൂടി വായിക്കു; ഒന്നാമന്റെ പ്രശ്നങ്ങള്‍
മാത്രമല്ല, ഇപ്പോഴത്തെ ഫലസൂചനകൾ വച്ച് പരിശോധിച്ചാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുമിടയുണ്ട്. സംസ്ഥാനത്തെ കർഷകരുടെയും ഗ്രാമീണ ജനതയുടെയും മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിധിയെന്നതുകൊണ്ടാണ് അത്തരമൊരു നിഗമനത്തിലെത്താൻ സാധിക്കുന്നത്. അതുവച്ച് പരിശോധിച്ചാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന 253ൽ 174 എപിഎംസികൾ 174 നിയമസഭാ മണ്ഡലങ്ങളിലെ ജനവികാരം പ്രകടിപ്പിക്കുന്നു എന്ന് കാണാവുന്നതാണ്. 253 എപിഎംസികളിലെ വിധി, സംസ്ഥാനത്തുള്ള 48ൽ 29 ലോക്‌സഭാ മണ്ഡലങ്ങളിലെ വിധിയെയും പ്രതിഫലിപ്പിക്കുന്നു. സംസ്ഥാനത്ത് ഒരു സർക്കാർ രൂപീകരിക്കാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ സഖ്യത്തിനോ 145 സീറ്റുകളാണ് ആവശ്യമായിട്ടുള്ളത്. ഈ 253 എപിഎംസികൾ 48ൽ 29 ലോക്‌സഭാ സീറ്റുകളുടെ ഫലത്തെയും 174 നിയമസഭാ മണ്ഡലത്തെയും സ്വാധീനിക്കുന്നു എന്ന് കണക്കാക്കിയാൽ ഇപ്പോഴത്തെ വിധിയുടെ അടിസ്ഥാനത്തിൽ അത് എംവിഎക്ക് അനുകൂലമായിരിക്കുമെന്ന് പ്രവചിക്കാവുന്നതാണ്.
ഇതുകൂടി വായിക്കു;സെന്‍സസ് നടത്താത്ത ഇന്ത്യ ഒന്നാമതായതെങ്ങനെ?
ബിജെപി-ഷിൻഡെ സഖ്യത്തിനിടയിൽ രൂപപ്പെട്ട അഭിപ്രായ വ്യത്യാസമാണ് ഇപ്പോഴത്തെ വിധി പ്രതികൂലമാകുവാൻ കാരണമെന്ന് ഭരണമുന്നണി വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള ഭരണത്തിൽ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഗ്രാമീണ — കർഷക ജനവിഭാഗങ്ങൾക്ക് ഉണ്ടായിട്ടുള്ള അതൃപ്തിയാണ് എപിഎംസി തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് എംവിഎ കക്ഷികളുടെ വിലയിരുത്തൽ. ബിജെപി പിന്തുണച്ച പാനലുകൾ തോറ്റു എന്നതാണ് എപിഎംസി തെരഞ്ഞെടുപ്പ് ഫലത്തിന്റെ സവിശേഷത. കാർഷിക മേഖലയുമായി ബന്ധപ്പെട്ട നയങ്ങളിൽ കർഷകർ രോഷാകുലരാണെന്നാണ് പല സീറ്റുകളും നഷ്ടപ്പെട്ടതിലൂടെ വ്യക്തമാകുന്നത്. ഏകനാഥ് ഷിൻഡെ ഗ്രൂപ്പിന്റെ പ്രകടനം വളരെ മോശമായിരുന്നു എന്നതും ശ്രദ്ധേയമാണ്. എട്ട് എപിഎംസികളിൽ മാത്രമാണ് അവർ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട എംവിഎ സഖ്യത്തിൽ അധികാരത്തിലെത്തുകയും പിന്നീട് ശിവസേനയിൽ ഭിന്നിപ്പുണ്ടാക്കി പ്രത്യേക ഗ്രൂപ്പാവുകയും ബിജെപി പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്ത ഷിൻഡെ വിഭാഗത്തെ ജനങ്ങളും ബിജെപി അനുയായികൾ പോലും അംഗീകരിക്കുന്നില്ലെന്ന സാഹചര്യവും തെരഞ്ഞെടുപ്പു ഫലം വെളിപ്പെടുത്തുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കി, എംവിഎ വരുംനാളുകളിൽ യോജിച്ച, അതേസമയം ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ കൂടി നടത്തിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിൽ ബിജെപി ഇതര വിജയം വളരെ ബുദ്ധിമുട്ടേറിയതായിരിക്കില്ലെന്ന ശുഭപ്രതീക്ഷ നല്കുന്നതാണ് എപിഎംസി തെരഞ്ഞെടുപ്പിന്റെ പുറത്തുവന്ന ഫലങ്ങൾ.
(കടപ്പാട്: ഇന്ത്യ പ്രസ് ഏജൻസി)