Site iconSite icon Janayugom Online

അഥിതി തൊഴിലാളികൾക്ക് താമസിക്കാൻ ഇനി ‘അപ്നാ ഘർ’

guest houseguest house

ചുരുങ്ങിയ ചെലവിൽ വൃത്തിയും സൗകര്യപ്രദവുമായ താമസസൗകര്യമെന്ന സ്വപ്നം അതിഥി തൊഴിലാളികൾക്ക് ഇനി അകലെയല്ല. ഉത്തരേന്ത്യൻ ആഘോഷങ്ങളുടെയും ജീവിതങ്ങളുടെയും ചിത്രങ്ങൾ പതിച്ച ചുവരുകൾ, വിനോദത്തിനും വിശ്രമത്തിനും പ്രത്യേകം മുറികൾ, വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ എന്നിവയെല്ലാമുണ്ട് കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി ഒരുക്കിയ അപ്നാ ഘറിൽ. പദ്ധതിയുടെ ഭാഗമായി പൂർത്തിയായ ഹോസ്റ്റലിന്റെ ഒന്നാംഘട്ട പ്രവൃത്തിപൂർത്തീകരണം വിദ്യാഭ്യസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി നടപ്പാക്കിയത്. അഞ്ഞൂറോളം അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ സാധിക്കുന്ന രീതിയിലാണ് കെട്ടിടം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ 100 പേർക്ക് ഇവിടെ താമസിക്കാം. കിനാലൂരിൽ കെ എസ് ഐ ഡി സി യുടെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിനുള്ളിൽ ഒരേക്കർ ഭൂമി ബി എഫ് കെ പാട്ടത്തിന് എടുത്ത് 43,600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായാണ് ഹോസ്റ്റൽ സമുച്ചയം നിർമിക്കുന്നത്.

 

 

ഒന്നാം ഘട്ടത്തിൽ 15,760 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ലോബി ഏരിയ, വാർഡന്റെ മുറി, ഓഫീസ് മുറി, 180 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഭക്ഷണ മുറി, വർക്ക് ഏരിയ, സ്റ്റോർ മുറി, ഭക്ഷണം തയ്യാറാക്കുന്ന മുറി, അടുക്കള, ടോയ്ലറ്റ് ബ്ലോക്ക്, 100 കിടക്കകളോട് കൂടിയ കിടപ്പു മുറികൾ, റിക്രിയേഷണൽ സൗകര്യങ്ങൾ, പാർക്കിംഗ് സൗകര്യം, അഗ്നിബാധാ പ്രതിരോധ സംവിധാനം, മഴവെള്ള സംഭരണി, ഡീസൽ ജനറേറ്റർ തുടങ്ങിയവയും 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനവുമുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 7.76 കോടി രൂപ ചെലവഴിച്ചാണ് താഴത്തെ നിലയുടെ നിർമാണം പൂർത്തീകരിച്ചത്.
കെ എം സച്ചിൻദേവ് എം എൽ എ അധ്യക്ഷത വഹിച്ചു. ടി പി രാമകൃഷ്ണൻ എം എൽ എ മുഖ്യാതിഥി ആയിരുന്നു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം റംല വെട്ടത്ത്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസര്‍, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബി എഫ് കെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജി എൽ. മുരളീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഭവനം ഫൗണ്ടേഷൻ ജനറൽ മാനേജർ ആനന്ദ് സ്കോട്ലിൻ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: ‘Apna Ghar’ to accom­mo­date guest workers

You may like this video also

Exit mobile version