മനസ് തകർന്ന് മരണത്തെ വരിച്ചാലും കന്യാസ്ത്രീ മഠം വിട്ടുപോകരുതെന്ന അലിഖിത നിയമം ഉണ്ടായിട്ടും നിയമം മറികടന്ന് വേലിക്കെട്ടുകൾ കടക്കുകയായിരുന്നു മരിയ റോസ. മഠം ചാടി എന്ന പേരു ചാർത്തപ്പെട്ട മരിയ റോസ് തന്റെ ജീവിതം തുറന്നെഴുതുകയാണ് ‘മഠത്തിൽ വിട്ടവൾ. മഠം വിട്ടവൾ’ എന്ന ആത്മകഥയിലൂടെ. സത്യസന്ധവും തന്റേടവുമുള്ള തുറന്നെഴുത്താണ് മരിയ റോസ എന്ന ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥയുടെ കരുത്ത്. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗിക നിമിഷങ്ങളും ജീവിത സംഘർഷങ്ങളുമെല്ലാം അതിഭാവുകത്വമില്ലാതെ ലളിതമായ ഭാഷയിൽ കൃത്യതയോടെ പുസ്തകത്തിൽ വ്യക്തമാക്കുന്നു. കുമ്പസാരമല്ല ഇതെന്നും താൻ അനുഭവിച്ച ജീവിതത്തിന്റെ നേർക്കാഴ്ചയാണെന്നും മരിയ റോസ വ്യക്തമാക്കുന്നു. മരിയ റോസയുടെ ആത്മകഥ തനിക്കിഷ്ടപ്പെട്ടത് ഒരു മുൻ കന്യാസ്ത്രീയുടേത് എന്ന പ്രത്യേകത കൊണ്ടല്ലെന്നും ഒന്നാന്തരമായി എഴുതപ്പെട്ട ജീവിതാഖ്യാനമായതുകൊണ്ടാണെന്നും സക്കറിയ അവതാരികയിൽ വ്യക്തമാക്കുന്നുണ്ട്. മഠം ഉപേക്ഷിച്ച തന്നെ അരക്കില്ലത്തിലിട്ട് പൊരിക്കുംപോലെയാണ് സമൂഹം നേരിട്ടതെന്ന് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ മരിയ റോസ പുസ്തകത്തിൽ വിവരിക്കുന്നു. മഠം വിടുകയാണഎന്ന് വീട്ടിലേക്ക് നീല ഇൻലന്റ് പോസ്റ്റ് ചെയ്തതിന് മറുപടി തങ്ങൾക്ക് ഇങ്ങനെയൊരു മകളില്ലെന്നായിരുന്നു. കാലങ്ങൾക്ക് ശേഷവും അതിന് മാറ്റം സംഭവിച്ചിട്ടില്ലെന്നും എങ്കിലും തന്നെപ്പോലുള്ള കരുത്തുറ്റ സ്ത്രീകൾ ആത്മാഭിമാനത്തോടെ ജീവിക്കുകയാണെന്നും മരിയ റോസ പറയുന്നു. പുസ്തകത്തിന്റെ പ്രകാശനം നാളെ ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലെ ബെന്നീസ് ദി ചോയ്സിൽ നടക്കും. എം എൻ കാരശ്ശേരി ഡോ. ജിസാ ജോസിന് നൽകിയാണ് പ്രകാശനം നിർവഹിക്കുക. ഡോ. ജെ ജെ പള്ളത്ത്, സുൽഫത്ത് ടീച്ചർ, ഡോ. രത്നാകരൻ കെ പി, എച്മുക്കുട്ടി, ആർ ജെ ചച്ചു തുടങ്ങിയവർ സംബന്ധിക്കും.
‘മഠം വിട്ടവൾ’ ജീവിതം പറയുന്നു: മരിയ റോസയുടെ ആത്മകഥ പ്രകാശനം നാളെ

