കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ വൈകാതെ അപ്പീല്‍ നല്‍കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതു സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുമായി പ്രാരംഭ ചര്‍ച്ച നടത്തി നിയമോപദേശം തേടിയതായും എസ് പി അറിയിച്ചു.
അപ്പീൽ നൽകുന്നതിന് 60 ദിവസം സാവകാശമുണ്ട്. സർക്കാരിന്റെ പ്രത്യേക അപേക്ഷയുണ്ടെങ്കില്‍ ആറു മാസം വരെ അപ്പീൽ നൽകുന്നതിനു ലഭിക്കും. എങ്കിലും എത്രയും വേഗം അപേക്ഷ നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. അപ്പീൽ നൽകുന്നതിന്റെ സാധ്യത പരിഗണിക്കുന്നതിനായി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ബാബുവുമായി ചർച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. തുടർന്ന് അഡ്വ. ജനറലുമായും പൊലീസും സർക്കാരും ചർച്ച നടത്തും.
കേസിൽ വിട്ടുപോയ ഭാഗങ്ങൾ അടക്കം വിശദമായി പരിശോധിക്കും. ഇത്തരം പരിശോധനയ്ക്കു ശേഷമാകും കേസിൽ അപ്പീൽ നൽകുകയെന്നും എസ്‌പി ചൂണ്ടിക്കാട്ടി. കന്യാസ്ത്രീ മഠത്തിന് ആവശ്യമെങ്കിൽ കൂടുതല്‍ സുരക്ഷ നൽകുമെന്നും എസ്‌പി വ്യക്തമാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ബി ഗോപകുമാറാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്.
English Summary: Appeal in Franco case soon: Kottayam SP
You may like this video also