മറ്റു രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ഇറാന്‍ കുറഞ്ഞ വിലയ്ക്ക് ആപ്പിള്‍ വിറ്റഴിക്കുന്നതിനുള്ള വിപണിയായി ഇന്ത്യയെ മാറ്റിയപ്പോള്‍ കശ്മീരിന് നഷ്ടം 2400 കോടിയിലധികം രൂപ. ആവശ്യക്കാരില്ലാത്തതിനാല്‍ സംഭരിച്ചുവച്ച ഒന്നരക്കോടിയോളം പെട്ടി ആപ്പിള്‍ കശ്മീരില്‍ കെട്ടിക്കിടക്കുകയാണ്.
തണുത്ത കാലാവസ്ഥ ആയതിനാലും ശീതികരണ സംവിധാനമുള്ളതിനാലും ആപ്പിള്‍ നശിച്ചുപോയിട്ടില്ല. ഫെബ്രുവരിയിലെങ്കിലും വില്പന സാധ്യമാകുന്നില്ലെങ്കില്‍ ആപ്പിള്‍ ചീഞ്ഞുപോകുമെന്നതാണ് സ്ഥിതി.
കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തേക്ക് ആദ്യമായി ഇറാനില്‍ നിന്നുള്ള ആപ്പിള്‍ ഇറക്കുമതി ആരംഭിച്ചതെന്നും ഇതിനെതിരെ കര്‍ഷകരും വ്യാപാര സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കശ്മീര്‍ പഴം കര്‍ഷക വ്യാപാര സംഘടനയുടെ പ്രസിഡന്റ് ബഷീര്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ബാധം തുടരുകയാണ്. ഇതാണ് കശ്മീരിലെ ആപ്പിള്‍ വിപണിയെ ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഉപരോധമേര്‍പ്പെടുത്തിയതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കാത്തതിനാലും ഉല്പാദനം കൂടിയതിനാലും കുറഞ്ഞ വിലയ്ക്കാണ് ഇറാനില്‍ നിന്നുള്ള ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്. ഇതുകാരണം കശ്മീര്‍ ആപ്പിളിന്റെ വിലയില്‍ 50 ശതമാനം ഇടിവുണ്ടാവുകയും ചെയ്തു. രണ്ടോ മൂന്നോ മാസത്തിനകം ഇപ്പോള്‍ സംഭരിച്ച ആപ്പിള്‍ പകുതി വിലയ്ക്ക് വിറ്റു തീര്‍ന്നാല്‍ പോലും വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാവുക.
english summary; Apple imports from Iran cost Kashmir Rs 2,400 crore
you may also like this video;