Site iconSite icon Janayugom Online

എന്‍എസ്ഒയ്ക്കെതിരെ ആപ്പിള്‍ കോടതിയില്‍

പെഗാസസ് സ്പൈവെയര്‍ നിര്‍മ്മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പിനെതിരെ ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ നിയമപോരാട്ടത്തില്‍. ഐഫോണുകളില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തിയതിനെതിരെയാണ് യുഎസ് ടെക്ക് ഭീമന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഏതാനും ഐഫോണ്‍ ഉപയോക്താക്കള്‍ പെഗാസസ് ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് ആപ്പിള്‍ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിക്കുന്നു. ലോകത്തൊട്ടാകെ ഉപയോഗത്തിലുള്ള ആപ്പിള്‍ ഉപഭോക്താക്കളുടെ വിവരം ഈ സ്‌പൈ വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നത് തടയണമെന്നും കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ഭരണത്തലവന്മാരും രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും അവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ പെഗാസസ് ഉപയോഗിച്ച് ഭരണകൂടങ്ങള്‍ നിരീക്ഷിച്ചതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 

ആപ്പിള്‍ സോഫ്റ്റ് വെയറുകളും ഡിവൈസുകളും സേവനങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് എന്‍എസ്ഒ ഗ്രൂപ്പിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്നാണ് ആപ്പിളിന്റെ ആവശ്യം. 2019ല്‍ വാട്ട്സ്ആപ്പ് എന്‍എസ്ഒയ്ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. വിദേശ സര്‍ക്കാരുകള്‍ക്ക് ചാരപ്പണിക്ക് സൗകര്യമൊരുക്കിയതിന്റെ പേരില്‍ യുഎസ് അധികൃതര്‍ എന്‍എസ്ഒ ഗ്രൂപ്പിനെ ആഴ്ചകള്‍ക്ക് മുമ്പ് കരിമ്പട്ടികയിള്‍ ഉള്‍പ്പെടുത്തിയിരുന്നു.
Eng­lish summary;Apple in court against NSO
you may also like this video;

Exit mobile version