Site iconSite icon Janayugom Online

കര്‍ണാടകയ്ക്ക് തിരിച്ചടി ; ഐഫോണ്‍ ഫാക്ടറി തെലങ്കാന റാഞ്ചി

തായ്‌വാനീസ് ഇലക്‌ട്രോണിക്‌സ് നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ തെലങ്കാനയില്‍ ഫാക്ടറി സ്ഥാപിക്കും. നേരത്തെ കര്‍ണാടക സര്‍ക്കാര്‍ അവകാശപ്പെട്ട പദ്ധതിയാണ് ഒടുവില്‍ തെലങ്കാനയിലേക്ക് വഴിമാറുന്നത്. രംഗറെഡ്ഡി ജില്ലയിലെ കൊങ്കാര കലാനിലായിരിക്കും നിർമ്മാണ കേന്ദ്രം. ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭത്തില്‍ കര്‍ണാടകയെ തഴയാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഇന്ത്യയില്‍ പുതുതായി 700 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്. ബംഗളുരുവില്‍ 300 ഏക്കര്‍ സ്ഥലം ഇതിനായി വിട്ടുനല്‍കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ പ്രഖ്യാപനം.

എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യയിലൊരിടത്തും പുതിയ നിക്ഷേപത്തിന് അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് ഫോക്സ്കോണ്‍ അറിയിച്ചിരുന്നു. ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് ചെയർമാൻ യംഗ് ലിയു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം രണ്ടിന് ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ ധാരണാപത്രം ഒപ്പുവച്ചു. മൂന്നിനാണ് കര്‍ണാടക സര്‍ക്കാര്‍ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ഫാക്ടറി തെലങ്കാനയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കി ലിയു സംസ്ഥാനത്തിന് കത്തെഴുതിയതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ലിയു മുഖ്യമന്ത്രി കെസിആറിനെ തന്റെ സ്വകാര്യ അതിഥിയായി തായ്‌വാനിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം അവകാശവാദവുമായി രണ്ട് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയതോടെ നിക്ഷേപത്തെക്കുറിച്ച് കമ്പനി കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ട്. ആറ് ലക്ഷം കോടി ഡോളര്‍ വരുമാനമുള്ള ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളാണ് ഫോക്സ്കോണ്‍. ലോകത്ത് പുറത്തിറങ്ങുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഫോക്സ്കോണിന്റെ പ്ലാന്റുകളില്‍ നിര്‍മ്മിച്ചവയാണ്. ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ ലിസ്റ്റില്‍ 20-ാം സ്ഥാനത്തുള്ള കമ്പനിക്ക് 24 രാജ്യങ്ങളിലായി 173 പ്ലാന്റുകളുണ്ട്. നിലവില്‍ തമിഴ‌്നാട്ടിലും ആന്ധ്രയിലും ഫോക്സ്കോണിന് പ്ലാന്റുകളുണ്ട്.

കോവിഡ്, ഉക്രെയ്ന്‍ പ്രതിസന്ധികള്‍ ആഗോള വിതരണ ശൃംഖലയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഈ പ്രതിസന്ധികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഇന്ത്യയിലേക്ക് കമ്പനിയുടെ ശ്രദ്ധപതിപ്പിക്കുന്നത്. ഇലക്ട്രോണിക്സ് നിര്‍മ്മാണരംഗത്ത് ചൈനയ്ക്ക് വലിയ തിരിച്ചടിയായും ഫോക്സ്കോണിന്റെ നീക്കം വിലയിരുത്തപ്പെടുന്നു. യുഎസും ചൈനയും തമ്മിലുള്ള തര്‍ക്കം വര്‍ധിച്ച്‌ വരികയാണ്. ഈ സാഹചര്യത്തില്‍ കൂടുതലായി ചൈനയെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന ബോധ്യത്തിലാണ് കമ്പനി ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപസാധ്യതകള്‍ തേടുന്നത്.

Eng­lish Sum­ma­ry: Apple’s new iPhone fac­to­ry in Bengaluru
You may also like this video

Exit mobile version