സഹകരണ ബാങ്കുകളിൽ ഉപയോഗിക്കുന്ന അപേക്ഷ ഫോം, ചെക്ക് എന്നിവയിൽ മലയാളവും ഉൾപ്പെടുത്തും. അപേക്ഷകളിൽ ഇംഗ്ലീഷിനൊപ്പമാണ് മലയാളവും ഉൾപ്പെടുത്തുക. ഈ ആവശ്യം ഉന്നയിച്ച് പൊതുപ്രവർത്തകനായ അഖിലേഷ് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. സഹകരണ വകുപ്പ് സെക്രട്ടറിയാണ് മലയാളം ഉൾപ്പെടുത്തുമെന്ന കാര്യം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലും റിസർവ്വ് ബാങ്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്, സഹകരണ ബാങ്ക്, അർബൻ ബാങ്കുകൾ എന്നിവയ്ക്കാണ് മലയാളം ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതെന്ന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സഹകരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളിലും മലയാളം ഉപയോഗിക്കണമെന്നായിരുന്നു പരാതി നൽകിയ അഖിലേഷിന്റെ ആവശ്യം.
English Summary; Application forms and checks in cooperative banks are now in Malayalam
You may also like this video