Site icon Janayugom Online

പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച വരെ അപേക്ഷ സമര്‍പ്പിക്കാം

തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് തീരുമാനം. ഇന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

സമയപരിധി ഇനിയും നീട്ടാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാല്‍ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നല്‍കാന്‍ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

മിക്ക സിബിഎസ്ഇ സ്‌കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ സ്‌കൂളില്‍ പ്ലസ് ടു ഇല്ല എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സമയം നീട്ടി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ക്ക് തുടര്‍പഠനം അസാധ്യമാകുമെന്നാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതിനിടെയാണ് ഇന്ന് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്.

www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for High­er Sec­ondary Admis­sion എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഹയര്‍ സെക്കണ്ടറി സൈറ്റിലെത്തുക. തുടര്‍ന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്‌പെക്ടസ്, 11 അനുബന്ധങ്ങള്‍, അപേക്ഷയ്ക്കുള്ള യൂസര്‍ മാനുവല്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത്, വ്യവസ്ഥകള്‍ പഠിക്കുക.

ഓണ്‍ലൈനായി മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഹയര്‍ സെക്കണ്ടറി സൈറ്റിലെ CREATE CANDIDATE LOGIN — SWS ലിങ്കിലൂടെ ലോഗിന്‍ ചെയ്യുക. മൊബൈല്‍ ഒ ടി പി വഴി പാസ്വേഡ് നല്‍കി വേണം അപേക്ഷിക്കേണ്ടത്. ഓപ്ഷന്‍ സമര്‍പ്പണം, ഫീസടയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഇതേ ലോഗിന്‍ വഴി തന്നെയാണ്. യൂസര്‍ മാനുവലിലും പ്രോസ്‌പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിര്‍ദേശങ്ങളുണ്ട്.

Eng­lish sum­ma­ry; Appli­ca­tions for Plus One admis­sion can be sub­mit­ted till Monday

You may also like this video;

Exit mobile version