സിറ്റിസൺ പോർട്ടലിലെ അപേക്ഷകൾ പത്ത് ലക്ഷം കടന്നു. കഴിഞ്ഞ ദിവസം വരെ 10,05,557 അപേക്ഷകളാണ് സിറ്റിസൺ പോർട്ടൽ വഴി ഓൺലൈനായി പൊതുജനങ്ങൾ സമർപ്പിച്ചത്. ഇതിൽ 7,33,807 ഫയലുകളും (74ശതമാനം) ഇതിനോടകം തീർപ്പാക്കി. 2,66,750 ഫയലുകളാണ് ഇനി തീർപ്പാക്കാനുള്ളത്.
പഞ്ചായത്തുകളിലെ ഫയലുകളിൽ 74 ശതമാനവും (8,66,047ൽ 6,37,628) കോർപറേഷനിൽ 80 ശതമാനവും (36,954ൽ 29,425) മുനിസിപ്പാലിറ്റികളിൽ 70 ശതമാനവും (1,07,058ൽ 74,556) ഫയലുകളുമാണ് ഓൺലൈനായി സ്വീകരിച്ച് തീർപ്പാക്കിയത്.
https://citizen.lsgkerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഏത് സമയത്തും ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാക്കും. ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈൻ സേവനമൊരുക്കുന്ന ഐഎൽജിഎംഎസിന്റെ ഫ്രണ്ട് ഓഫീസാണ് സിറ്റിസൺ പോർട്ടൽ. പഞ്ചായത്തുകളിലെ 264 സേവനങ്ങൾ സിറ്റിസൺ പോർട്ടൽ വഴി ലഭ്യമാണ്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും അധികം അപേക്ഷകൾ ഓൺലൈനിൽ ലഭിച്ചത്. ഫയലുകൾ തീർപ്പാക്കിയതിൽ വയനാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്(84 ശതമാനം).
ഇ ഗവേണൻസ് രംഗത്തെ കേരളത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ് സിറ്റിസൺ പോർട്ടൽ വഴിയുള്ള പത്ത് ലക്ഷം അപേക്ഷകളെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഓഫീസിൽ വരാതെ വീട്ടിലിരുന്ന് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ പൊതുജനങ്ങൾ തയാറാകണം. അഴിമതിരഹിതമായും സമയബന്ധിതമായും സേവനങ്ങളുറപ്പിക്കാൻ ഇതിലൂടെ കഴിയും. നഗരസഭകളുടെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം രണ്ട് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വഴി ഏഴ് മാസം കൊണ്ട് ഫ്രണ്ട് ഓഫീസ് വഴിയും ഓൺലൈനായി ലഭിച്ചതും ഉൾപ്പെടെ 65,82,075 ഫയലുകളാണ് കൈകാര്യം ചെയ്തത്. ഇതിൽ 52,08,731 ഫയലുകളും തീർപ്പാക്കിക്കഴിഞ്ഞു.
English Summary: Applications through citizen portal have crossed 10 lakhs
You may also like this video