Site iconSite icon Janayugom Online

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: ഉയർന്ന പ്രായപരിധി 50 വയസാക്കി

സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലും സർക്കാർ/ എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി അൻപത് വയസാക്കി ഉത്തരവായി. ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർക്കാര്‍/എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളജ്, ട്രെയിനിങ് കോളജ്, ലോ കോളജ്, സംസ്‌കൃത കോളജ്, അറബിക് കോളജ്, വിവിധ സർവകലാശാല എന്നിവിടങ്ങളില്‍ അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് 50 വയസായി നിശ്ചയിച്ച് ഉത്തരവായത്. നിലവിൽ 40 വയസാണ് ഉയർന്ന പ്രായപരിധി.

എന്നാൽ അധ്യാപക നിയമനങ്ങൾക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളിൽ ഉയർന്ന പ്രായപരിധി നിഷ്കർഷിക്കുന്നില്ല. ഇക്കാര്യത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടും കോളജ് അധ്യാപക നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം. ഉത്തരവനുസരിച്ച് കൊളീജിയറ്റ് എജ്യുക്കേഷൻ സ്പെഷ്യൽ റൂൾസിൽ ഉചിതമായ ഭേദഗതികൾ വരുത്തും. സർവകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ ആവശ്യമായ ഭേദഗതി അതാത് സർവകലാശാലകൾ വരുത്തും. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി പൂർണമായും ഒഴിവാക്കാൻ യുജിസി ചട്ടങ്ങൾക്കനുസരിച്ച് നിയമങ്ങൾ ഭേദഗതി ചെയ്യാൻ നടപടികളെടുക്കണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് സർവകലാശാലകളിലും കോളജുകളിലും പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കുക. ഈ ഉയർന്ന ബിരുദങ്ങൾ നേടാൻ കൂടുതൽ സമയം വേണ്ടതിനാൽ നിലവിലെ പ്രായപരിധി അപേക്ഷിക്കാൻ അവസരം നഷ്ടപ്പെടുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദേശ സർവകലാശാലകളിൽ ഗവേഷകരായ മികച്ച യോഗ്യതയുള്ളവരെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രായപരിധി മാറ്റുന്നത് സഹായകമാകും. വനിതാ ഉദ്യോഗാർത്ഥികൾക്ക് കോളജ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യവും ഇതോടെ മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Appoint­ment of Assis­tant Professor
You may also like this video

Exit mobile version