തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി സുപ്രീം കോടതി. കമ്മിഷണര്‍ സ്ഥാനത്തേക്ക് പ്രധാനമന്ത്രിക്ക് ശുപാര്‍ശ ചെയ്ത നാല് ഉദ്യോഗസ്ഥരുടെ അവസാനപട്ടിക തയാറാക്കിയ മാനദണ്ഡം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നാല് പേരുടെ പട്ടികയില്‍ നിന്ന് അരുണ്‍ ഗോയലിലേക്ക് എത്തിയതെങ്ങനെയെന്ന് അറിയണമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി), തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്നിവരുടെ നിയമന നടപടി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ, ജസ്റ്റിസുമാരായ അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഗോയലിന്റെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ അക്കമിട്ടാണ് കോടതി ചോദ്യങ്ങളുന്നയിച്ചത്. ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ബുധനാഴ്ച കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിരുന്നു.
അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ഹാജരാക്കിയ ഫയലുകള്‍ പരിശോധിച്ച ശേഷം, ശുപാര്‍ശ നല്‍കി ഒരു ദിവസത്തിനകം നിയമനം നടത്തേണ്ട അടിയന്തര ആവശ്യകത എന്തായിരുന്നുവെന്ന് ബെഞ്ച് ആരാഞ്ഞു. ആറ് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത നാല് പേരുടെ അവസാനപട്ടിക നിയമമന്ത്രി എങ്ങനെ തിരഞ്ഞെടുത്തു എന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥനെ എന്തിനാണ് തിരഞ്ഞെടുത്തതെന്നും ബെഞ്ച് എജിയോട് ചോദിച്ചു.
കാലാവധി അവസാനിച്ചില്ലെങ്കിലും 65-ാം വയസിൽ വിരമിക്കണമെന്നാണ് നിയമം. ഈ വ്യവസ്ഥയനുസരിച്ച് കാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് ഗോയല്‍ വിരമിക്കേണ്ടി വരും. അരുൺ ഗോയൽ എന്ന വ്യക്തിക്കെതിരെ പരാതിയില്ല. ഇതുവരെയുള്ള പ്രകടനം മികച്ചതാണെന്നും കരുതുന്നു. എന്നാല്‍ നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു.
പ്രായമാനദണ്ഡ പ്രകാരം 40 പേരുണ്ടായിരുന്നതില്‍ 36 പേര്‍ എങ്ങനെ ഒഴിവായെന്ന് ജസ്റ്റിസ് ഋഷികേശ് റോയി ചോദിച്ചു. പ്രായം, സര്‍വീസ് കാലയളവ് എന്നിവയാണ് നിയമനത്തിന് മാനദണ്ഡമെന്ന് എജി മറുപടി നല്‍കിയെങ്കിലും, നിലവിലെ നിയമനത്തിലെ യുക്തി മനസിലാകുന്നില്ലെന്നാണ് ജസ്റ്റിസ് ഋഷികേശ് റോയി പ്രതികരിച്ചത്. ഗോയലിന്റെ നിയമനം അസ്വാഭാവികമല്ലെന്നും നിയമനം സാധാരണഗതിയിൽ വേഗത്തിലാണ് നടക്കുന്നതെന്നും വെങ്കിട്ടരമണി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
English Summary: Appointment of Election Commissioner: Blow to the Center in the Supreme Court
You may also like this video