Site icon Janayugom Online

ജഡ്ജിമാരുടെ നിയമനം: പാര്‍ലമെന്ററി സമിതിയും രംഗത്ത്

ജഡ്ജി നിയമനത്തില്‍ സര്‍ക്കാരും സുപ്രീം കോടതിയും ഇരുചേരിയിലായതിന് പിന്നാലെ വിഷയത്തിലിടപെട്ട് പാര്‍ലമെന്ററി സമിതിയും രംഗത്തെത്തി. ഹൈക്കോടതികളിലേക്ക് ഒഴിവുള്ള നിയമനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ഭരണനിര്‍വഹണ സംവിധാനവും നീതിന്യായ വ്യവസ്ഥയും ക്രിയാത്മകമായ മാര്‍ഗങ്ങള്‍ തേടണമെന്നാണ് പാര്‍ലമെന്ററി സമിതിയുടെ നിര്‍ദ്ദേശം. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന്റെ സമയ പരിധി നിശ്ചയിക്കാനാവില്ലെന്ന കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പ്രതികരണത്തോട് യോജിക്കാനാവില്ലെന്നും നിയമ, പേഴ്സനല്‍ വകുപ്പുകളുടെ ഭാഗമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യക്തമാക്കി.

ജനസംഖ്യക്ക് ആനുപാതികമായ തരത്തില്‍ ജഡ്ജിമാരുടെ നിയമനങ്ങള്‍ നടക്കാത്തത് ആശങ്കാജനകമാണെന്നും മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡിയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതി വ്യക്തമാക്കി. കൊളീജിയം നിയമനങ്ങളിലെ കാലതാമസത്തില്‍ സുപ്രീം കോടതിയും സര്‍ക്കാരും തമ്മില്‍ വാക്പോര് തുടരുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതിന് തെളിവായി പ്രതിപക്ഷം ഇതിനെ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും കൊളീജിയം വിഷയത്തില്‍ ശക്തമായ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷ കക്ഷികള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

Exit mobile version