Site iconSite icon Janayugom Online

നിയമനങ്ങൾ ഹൈക്കമാൻഡിന്; കെപിസിസി നോക്കുകുത്തി

കെപിസിസിയെ നോക്കുകുത്തിയാക്കി ഡിസിസി അധ്യക്ഷന്മാരെ നേരിട്ട് നിയമിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ നീക്കം പുതിയ പ്രശ്നങ്ങൾക്ക് വിത്ത് പാകും. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചു കോൺഗ്രസിൽ ചർച്ച പൊടിപാറുകയാണ്. ഡൽഹി വഴി കെട്ടിയിറക്കപ്പെട്ടവർ എന്ന കാഴ്ചപ്പാടോടെ സംസ്ഥാനത്തെ നേതാക്കളും എഐസിസിയുടെ സ്വന്തം ആളുകൾ എന്ന ഗർവോടെ ജില്ലാ പ്രസിഡന്റുമാരും നീങ്ങുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോവുകയില്ലേ എന്ന ചോദ്യവും സംഘടനയിൽ സജീവം. 

പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുമായി ബന്ധം വയ്ക്കാതെ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരുടെ മാത്രം സമ്പൂർണ യോഗം ഡൽഹിയിൽ വിളിച്ചു കൂടിയതിലും മുറുമുറുപ്പുണ്ട്. സംഘടനാ സംബന്ധമായ ആലോചനകളിലാന്നും ഇടം നൽകാതെ രണ്ടാം തരം പൗരരന്മായി തങ്ങളെ മുതിർന്ന നേതാക്കൾ അകറ്റിനിർത്തുകയാണന്നും പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നില്ലെന്നുമുള്ള ഡിസിസി അധ്യക്ഷന്മാരുടെ മുറവിളി നിരന്തരമായി ഉയരാൻ തുടങ്ങിയതോടെയാണ്, ആ വിഭാഗത്തെ തണുപ്പിക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ ധാരണയായത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ തീരുമാനം. 

പ്രവർത്തന മികവിനതീതമായി ഏതാണ്ട് എല്ലാ ജില്ലാ പ്രസിഡണ്ടുമാരും മുതിർന്ന നേതാക്കളുടെ നോമിനി വേഷം അണിയുന്നവരായതു കൊണ്ടാണ് ആ വിഭാഗത്തിന്റെ കൂച്ചുവിലങ്ങുണ്ടാകുന്നതെന്ന വിലയിരുത്തലാണ് ഹൈക്കമാന്റിന്. നിയമനം നേരിട്ടായാൽ ഇതൊഴിവാക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.
ഡിസിസി-ബ്ലോക്ക്-മണ്ഡലം ഭാരവാഹികളെ തീരുമാനിക്കാനും തെരഞ്ഞെടുപ്പ്കളിൽ താഴെത്തട്ടിലെ ആലോചനകൾക്ക് ശേഷം സ്ഥാനാർത്ഥികളെ കണ്ടെത്തി പേര് കൈമാറാനുള്ള അധികാരവും മേലിൽ ഡിസിസി അധ്യക്ഷന്മാർക്കായിരിക്കും. ഇത്തരം കാര്യങ്ങളിൽ സാധാരണ ഗതിയിൽ അമിതാധികാരം പ്രയോഗിക്കുന്നത് പതിവാക്കിയിട്ടുള്ളവരാണ്‌ മുതിർന്ന നേതാക്കൾ. ഹൈക്കമാന്റ് തീരുമാനം ശിരസാ വഹിച്ച് അടങ്ങിയിരിക്കാനൊന്നും അവർ നിന്ന് കൊടുക്കില്ല. ജില്ലാ തലത്തിൽ പരിഹാരമാകാത്ത പ്രശ്നങ്ങൾ കെപിസിസിക്ക് മുന്നിലേക്കെത്തിക്കുന്ന പതിവ് രീതി ഒഴിവാക്കി ഡിസിസി പ്രസിഡണ്ടുമാരെക്കൂടി ഉൾപ്പെടുത്തി ഒരു സംഘത്തെ പ്രശ്നപരിഹാരത്തിന് ജില്ലകളിലേക്ക് അയയ്ക്കണമെന്ന പുതിയ നിര്‍ദേശവും, മുതിർന്ന നേതാക്കളെ വിലയ്ക്കെടുക്കാതെയുള്ളണെന്ന വിമർശനവുമുയരുന്നുണ്ട്. 

Exit mobile version