Site icon Janayugom Online

പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് സഹകരണ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പ്

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ ജെഡിസി, എച്ച്ഡിസി പാസായ വിദ്യാർത്ഥികൾക്ക് സഹകരണ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പ് നൽകും. ഒരു വർഷം മുതൽ രണ്ടു വർഷം വരെ അപ്രന്റിഷിപ്പ് അനുവദിക്കുന്നതിനാണ് തീരുമാനം. പട്ടികജാതി-പട്ടികവർഗ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സഹകരണ മന്ത്രി വി എൻ വാസവൻ, പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

കേരളത്തിലെ പട്ടികജാതി-പട്ടികവർഗ സഹകരണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടികളെടുക്കാൻ യോഗം തീരുമാനിച്ചു. പട്ടികജാതി-പട്ടികവർഗ സഹകരണ സംഘങ്ങളിലെ ബോർഡ് അംഗങ്ങൾക്ക് മൺവിളയിലെ പരിശീലന കേന്ദ്രത്തിൽ സ്‌കിൽ ഡവലപ്പ്‌മെന്റ് ‌ട്രെയിനിങ്ങുകളും സഹകരണ നിയമപരിജ്ഞാന കോഴ്‌സും നടത്തും. സംസ്ഥാനത്ത് ലാഭത്തിൽ പ്രവർത്തിക്കുന്ന പട്ടികജാതി-പട്ടികവർഗ സഹകരണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കും. സ്ഥിരം ജീവനക്കാരായ 306 പേര്‍ക്ക് കോ-ഓപ്പറേറ്റീവ് വെൽഫെയർ ബോർഡിൽ അംഗത്വം നൽകും.

മലക്കപ്പാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോളയാർ പട്ടിക വർഗ സഹകരണ സംഘം പുനരുദ്ധരിക്കുന്നതിന് സഹകരണവകുപ്പും പട്ടിക ജാതി-പട്ടിക വർഗ വികസന വകുപ്പും സംയുക്തമായി പദ്ധതി തയ്യാറാക്കും. സഹകരണ എക്‌സ്‌പോയിൽ സംഘങ്ങൾക്കായി പ്രത്യേക സ്റ്റാൾ അനുവദിക്കുവാനും യോഗത്തിൽ തീരുമാനമായി. ഈ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് രണ്ടു വകുപ്പിന്റെയും സംയുക്തമായ സംവിധാനം ഏർപ്പെടുത്തും.

Eng­lish Sum­ma­ry: Appren­tice­ship in Co-oper­a­tive Insti­tu­tions for Sched­uled Caste and Sched­uled Tribe students
You may also like this video

Exit mobile version