Site iconSite icon Janayugom Online

4കെ ഡോൾബി അറ്റ്മോസില്‍ ‘അറക്കൽ മാധവനുണ്ണി ’ വരുന്നു; റീ റിലീസിങ്ങിനൊരുങ്ങി മമ്മൂട്ടിയുടെ വല്യേട്ടൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ അമ്പലക്കര ഫിലിംസിന്റെ ബാനറിൽ 24 വർഷങ്ങൾക്ക് ശേഷം റീ-റിലീസിനായി ഒരുങ്ങുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിലാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതിക വിദ്യയോടെയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിക്കുന്നത്.

ചിത്രത്തിന്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ടീസര്‍ പുറത്തിറങ്ങി. 2000 സെപ്റ്റംബർ പത്തിനാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കൽ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്ഷൻ സ്വീക്വെൻസുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറിൽ അവതരിപ്പിക്കുന്നത്. ടീസർ ദൃശ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഈ ക്ലാസിക് ആക്ഷൻ ചിത്രം 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രത്തിലെ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകിയാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. 

ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ എഫ് വർഗ്ഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ്, സായ് കുമാർ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിവർമ്മനും ചിത്രസംയോജനം നിർവഹിച്ചത് എൽ ഭൂമിനാഥനുമാണ്.

Exit mobile version