പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും പരിശോധനയിൽ കണ്ടതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ക്രൈംബ്രാഞ്ചിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പുരാവസ്തുവാണെന്ന് ചൂണ്ടിക്കാട്ടി മോൻസൺ മാവുങ്കൽ കോടികൾ തട്ടിയെന്ന കേസിനെ തുടർന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ പ്രത്യേക സമിതിയെ നിയോഗിച്ച് മോൻസന്റെ കൈവശമുള്ള പുരാവസ്തുക്കളുടെ നിജസ്ഥിതി പരിശോധിച്ചത്. മോൻസൻ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ശബരിമല ചെമ്പോല സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
കൈവശമുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയാണെന്ന് പറഞ്ഞായിരുന്നു മോൻസൻ ആളുകളെ കബളിപ്പിച്ചത്. വിശദമായ പരിശോധനയിൽ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിയോഗിച്ച സമിതിയുടെ കണ്ടെത്തുകയായിരുന്നു. ചെമ്പോലയടക്കം മോൻസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്. ഈ പരിശോധനയിൽ രണ്ട് വെള്ളി നാണയങ്ങൾക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് കൈപ്പറ്റിയ നാണയമാണെന്നും റോമിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്നുമായിരുന്നു മോൻസൻ അവകാശപ്പെട്ടിരുന്നത്.
അതേസമയം ഈ വെള്ളിനാണയങ്ങൾ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാൻ സാധിക്കില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം മോൻസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിസംബർ 29നാണ് മോൻസന്റെ പക്കൽ കണ്ടെത്തിയ വസ്തുക്കൾ ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആർക്കിയോളജിക്കൽ സമിതി പരിശോധനയ്ക്കായി കൊച്ചിയിൽ നിന്ന് കൊണ്ടുപോയത്. നടരാജ വിഗ്രഹം, നാണയങ്ങൾ എന്നിവയ്ക്ക് പുറമേ മോശയുടെ അംശവടി എന്ന് അവകാശപ്പെടുന്ന വസ്തുവിനും കാലപ്പഴക്കമില്ലെന്ന് തെളിഞ്ഞു.
പുരാവസ്തു വിൽപനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തിൽ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളിൽ നിന്ന് കോടികൾ കടം വാങ്ങിയായിരുന്നു മോൻസൻ തട്ടിപ്പ് നടത്തിയിരുന്നത്. പണം നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് കഥ പുറത്താവുന്നത്. കോസ്മറ്റോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്നും മോൻസൻ അവകാശപ്പെട്ടിരുന്നു. പത്ത് കോടിയോളം രൂപ പലരിൽ നിന്നായി ഇയാൾ വാങ്ങിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
english summary;Archaeological Survey of India says, Sabarimala chempolam is not a copper archeological site
you may also like this video;